
പത്തനംതിട്ട: സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ച് കെ.പി.സി.സി നിർവാഹക സമിതി അംഗത്വം രാജിവച്ച പത്തനംതിട്ട ഡി.സി.സി മുൻ പ്രസിഡന്റ് പി.മോഹൻരാജ് പാർട്ടിയിൽ തിരിച്ചെത്തി. ഇന്നലെ ആറൻമുള നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ പത്തനംതിട്ടയിലെത്തിയ ഉമ്മൻചാണ്ടിയുമായി ഡി.സി.സി ഒാഫീസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മോഹൻരാജ് മടങ്ങിയെത്തിയത്. പിന്നീട് കൺവെൻഷനെത്തിയ ഉമ്മൻചാണ്ടിയെയും മോഹൻരാജിനെയും ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. കോൺഗ്രസിനോട് ആത്മാർത്ഥതയും കൂറുമുള്ള നേതാവാണ് മോഹൻരാജെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
ചില വീഴ്ചകൾ പറ്റിയതായി ഉമ്മൻചാണ്ടി മോഹൻരാജിനോട് പറഞ്ഞതായി അറിയുന്നു. ഇന്നുമുതൽ പ്രചാരണ രംഗത്ത് സജീവമാകുമെന്ന് മോഹൻരാജ് പറഞ്ഞു. കോന്നിയിലോ ആറൻമുളയിലോ സ്ഥാനാർത്ഥിയാകണമെന്ന് പാർട്ടി ആവശ്യപ്പെട്ട ശേഷം രണ്ടിടത്തും തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞദിവസം രാജിവച്ചത്. സി.പി.എം, ബി.ജെ.പി നേതാക്കൾ മോഹൻരാജുമായി ചർച്ച നടത്തിയെങ്കിലും കോൺഗ്രസുകാരനായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.