
ചെന്നൈ: റേഷൻ കടയിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത, ദുർഗന്ധം വമിക്കുന്ന സൗജന്യ അരി വാങ്ങി വീട്ടിലെത്തിച്ചിട്ട്, പാകം ചെയ്ത് കഴിക്കാനാവാതെ, കുഴിച്ചു മൂടേണ്ടി വന്നിട്ടുണ്ട് മധുരയിലെ തണ്ടലൈ ഗ്രാമക്കാർക്ക്. വിശന്നു പൊരിഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾക്ക് മുന്നിൽ വെറു കൈയോടെ നിൽക്കേണ്ടി വന്നിട്ടുണ്ട് ഇവിടുത്തെ അമ്മമാർക്ക്. ഇക്കാര്യമൊന്നും ശ്രദ്ധിക്കാത്ത സിറ്റിംഗ് എം.എൽ.എ വോട്ട് ചോദിച്ചെത്തിയപ്പോൾ അതേ അരികൊണ്ട് തന്നെ സ്വീകരണം ഒരുക്കി പ്രതിഷേധിക്കാനേ ഇവർക്ക് കഴിഞ്ഞുള്ളൂ.
തമിഴ് ആചാരത്തിന്റെ ഭാഗമാണ് ആരതി ഉഴിയുന്നത്. താലത്തിൽ ഇളവൻ, കുമ്പളം, സിന്ദൂരം, ചന്ദനം എന്നിവ വച്ച് കർപ്പൂരം കത്തിച്ച് അതിഥിയെ സ്വീകരിക്കും. പക്ഷേ, വോട്ട് ചോദിച്ചെത്തിയ അണ്ണാ ഡി.എം.കെയുടെ ചോഴവന്താൻ സിറ്റിംഗ് എം.എൽ.എയെ തണ്ടലൈ ഗ്രാമക്കാർ സ്വീകരിച്ചത് അവർക്ക് റേഷൻ കടയിൽ നിന്ന് കിട്ടിയ അരി താലത്തിൽ വച്ചാണ്.
'ഞങ്ങളും മനുഷ്യരല്ലെ?. ഈ അരി എങ്ങനെ വേവിച്ച് കഴിക്കുമെന്ന്' ജനങ്ങൾ എം.എൽ.എയോടും അണ്ണാ ഡി.എം.കെ പ്രവർത്തകരോടും ചോദിച്ചു. നല്ല അരിപോലും നൽകാൻ കഴിയാതെ എന്തിന് ഭരിക്കുന്നുവെന്ന ചോദ്യത്തിന് എം.എൽ.എ മാണിക്യത്തിന് മറുപടി ഉണ്ടായിരുന്നില്ല. അഞ്ച് വർഷം കൂടുമ്പോൾ വോട്ട് ചോദിക്കാൻ മാത്രമെത്തിയാൽ പോരാ എന്നും മാണിക്യത്തോട് ഗ്രാമീണർ പറഞ്ഞു. ഒടുവിൽ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പ് കൊടുത്ത ശേഷമാണ് എം.എൽ.എയെ പ്രചാരണം തുടരാൻ ഗ്രാമീണർ അനുവദിച്ചത്.