
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന സമരസമിതിയിൽ ഭിന്നസ്വരം. കുട്ടികളുടെ അമ്മയെ യുഡിഎഫ് വിലക്കെടുത്തതായും സമരസമിതിയിലെ ചിലർക്ക് കോൺഗ്രസുമായി അവിശുദ്ധ ബന്ധമുണ്ടെന്നും സമരസമിതി ജോയിന്റ് കൺവീനർ ബാലമുരളി ആരോപിച്ചു.
മത്സര രംഗത്ത് നിന്നും പെൺകുട്ടികളുടെ അമ്മ പിൻമാറിയില്ലെങ്കിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും ബാലമുരളി മുന്നറിയിപ്പ് നൽകി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാലമുരളിയുടെ പ്രതികരണം. സമ്മർദ്ദം ചെലുത്തിയാണ് വാളയാർ പെൺകുട്ടികളുടെ അമ്മയെ മത്സരിപ്പിക്കുന്നത്. സമരസമിതിയുടെ പ്രസക്‌തി തന്നെ നഷ്‌ടപ്പെട്ടുവെന്നും ബാലമുരളി ആരോപിച്ചു.
അതേസമയം സമരസമിതിയിലെ മറ്റ് നേതാക്കൾ ബാലമുരളിയുടെ ആരോപണം തളളി. സിപിഎമ്മിന്റെ ചാരനാണ് ബാലമുരളിയെന്ന് സമരസമിതി ചെയർമാനും കൺവീനറും അഭിപ്രായപ്പെട്ടു.മാത്രമല്ല സമരസമിതി നേതൃത്വത്തിൽ ബാലമുരളിയില്ലെന്നും അവർ അറിയിച്ചു.