
കിളിമാനൂർ: ഓരോ വേനൽക്കാലത്തും കൊടും വളർച്ച എത്തുമ്പോഴാണ് അധികൃതർ ആറ്റിലും തോടുകളിലും തടയണ നിർമ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ആ സമയത്ത് അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും ധൃതിയിലാകും. ഇത് കണ്ട് പൊതു ജനം ആശ്വസിക്കും അടുത്ത വേനൽക്കാലത്തെങ്കിലും കുടിവെള്ളത്തിനായി ഓടണ്ടല്ലോ എന്ന്. എന്നാൽ വേനൽ മാറി മഴയാകുന്നതോടെ തടയണയും, ജലക്ഷാമവും ഒക്കെ മറക്കുകയാണ് അധികൃതരുടെ പതിവ്.
ഈ വേനലിലും കൊടും വരൾച്ചയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. വാമനപുരത്ത് ഇപ്രാവശ്യവും താത്കാലിക തടയണ നിർമ്മാണം ആരംഭിച്ചു. വാമനപുരം ആറ്, ചിറ്റാർ എന്നിവിടങ്ങളിൽ തടയണ നിർമ്മിക്കുമെന്നും അതു വഴി വേനൽ കാലത്തെ ജലക്ഷാമം ഒഴിവാക്കുമെന്നും അധികൃതർ ഓരോ തവണയും ആവർത്തിക്കുമെന്നല്ലാതെ ഇതു വരെ പദ്ധതി ഫലം കണ്ടില്ല.
വർഷം തോറും താത്കാലിക തടയണ നിർമ്മാണത്തിനായി ലക്ഷങ്ങളാണ് ചെലവാക്കുന്നത്. ഇതിന് പകരമായി സ്ഥിരം തടയണകൾ നിർമ്മിക്കുകയും ഓരോ വേനൽ കാലത്തെ ജലക്ഷാമത്തിന് പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കുടിവെള്ള പദ്ധതികളെല്ലാം സ്ഥിതി ചെയ്യുന്നത്
ചിറ്റാറിലും വാമനപുരം നദിയിലും.
തടയണകൾ നിർമ്മിച്ചാൽ
കുടിവെള്ള പദ്ധതികൾ വഴി ജലവിതരണം തടസപ്പെടുത്താതെ വിതരണം ചെയ്യാം
സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും, നീർത്തടങ്ങളിലും ജല സമൃദ്ധിയുണ്ടാക്കാം.
വർഷം തോറും താത്കാലിക തടയണകൾ നിർമിക്കുന്നത് ഒഴിവാക്കി പാഴ്ച്ചെലവ് ഒഴിവാക്കാം
വാമനപുരം നദിയെ ആശ്രയിച്ച് 13 കുടിവെള്ള പദ്ധതികൾ
വർക്കല, കിളിമാനൂർ പ്രദേശങ്ങളിൽ നിലവിൽ കുടിവെള്ള ക്ഷാമം രൂക്ഷം.
മഴക്കാലത്ത് ഒഴുകി പോകുന്ന തടയണകൾ
പ്രദേശത്തെ മുഴുവൻ കുടിവെള്ള പദ്ധതികളും വാമനപുരം ആറിനെയും, ചിറ്റാറിനെയും ആശ്രയിച്ചാണ് സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് സമൃദ്ധമായി നിറഞ്ഞൊഴുകുന്ന ഈ പുഴകളിലെ ജലം തടയണകളോ മറ്റോ ഇല്ലാത്തതിനാൽ ഒഴുകി പോകുകയാണ് പതിവ്. വേനൽക്കാലങ്ങളിൽ ചാക്കുകളിൽ മണൽ നിറച്ചും മുളങ്കമ്പ കൊണ്ടുമൊക്കെ താല്കാലിക തടയണകൾ നിർമ്മിക്കുമെങ്കിലും ഇതെല്ലാം മഴക്കാലത്ത് കുത്തിയൊലിച്ച് പോകും.