
പാലക്കാട്: സിവിൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയക്കാരന്റെ കുപ്പായമണിഞ്ഞവർ ധാരാളമുണ്ട്. എന്നാൽ, ചെറുപ്രായത്തിൽ സിവിൽ സർവീസ് ഉപേക്ഷിച്ച് പൊതുപ്രവർത്തകരായവർ അപൂർവമാണ്. മുപ്പത്തിരണ്ടാമത്തെ വയസിൽ ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ്‍ സർവീസിൽ നിന്ന് രാജിവച്ച് ജനസേവകനായി മാറിയയാളാണ് യൂത്ത് കോൺഗ്രസ് നേതാവും ഒറ്റപ്പാലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ഡോ. പി.സരിൻ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് പൂർത്തായാക്കിയ സരിൻ 2008 ലാണ് സിവിൽ സർവീസ് പരീക്ഷയെഴുതുന്നത്. ആദ്യ അവസരത്തിൽ തന്നെ 555-ാം റാങ്ക് നേടിയാണ് അദ്ദേഹം ഐ.എ.എ.എസ് ഉദ്യോഗസ്ഥനായത്. തിരുവനന്തപുരത്തായിരുന്നു നിയമനം. പിന്നീട് നാല് വർഷം കർണാടകത്തിൽ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി ജോലിനോക്കി. തന്റെ ജീവതം കേവലം കണക്കുകൂട്ടലുകളിലോ വിശകലനങ്ങളിലോ മാത്രമായി ഒതുങ്ങേണ്ടതല്ലെന്ന ബോദ്ധ്യമാണ് പൊതുപ്രവർത്തകനാകാനുള്ള തീരുമാനത്തിന് പിന്നിൽ. രാജ്യത്ത് കോൺഗ്രസ് പാർട്ടിക്കുള്ള പ്രസക്തിയാണ് ആ പ്രസ്ഥാനം തിരഞ്ഞെടുക്കാൻ കാരണമെന്ന് സരിൻ പറയുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ യൂണിയൻ ചെയർമാനായിരുന്നു. അതാണ് ജീവിത്തതിലെ ആദ്യ തിരഞ്ഞെടുപ്പ് അനുഭവം. ജോലി വിട്ട ശേഷം യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. നിലവിൽ സംസ്ഥാന സെക്രട്ടറിയാണ്. ഒറ്റപ്പാലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തേകുവാൻ സരിന് കഴിയുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്.
പിന്തുണയുമായി ഭാര്യ ഡോ.സൗമ്യ
ജോലി രാജിവച്ചപ്പോൾ കുടുംബത്തിൽ നിന്ന് വലിയ എതിർപ്പുകളുണ്ടായിരുന്നെങ്കിലും ഭാര്യ ഡോ. സൗമ്യ പിന്തുണ നൽകി. സൗമ്യ നെന്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടറാണ്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന സൗമ്യ കൊവിഡ് കാലത്ത് നിരവധി ബോധവതകരണ വീഡിയോകളിലൂടെ ശ്രദ്ധനേടിയിരുന്നു. പൗരത്വ ബില്ലിന്റെ പശ്ചാത്തലത്തിൽ ഭരണഘടനയെ ബഹുമാനിക്കാത്തവർക്ക് ക്ലിനിക്കിൽ ചികിത്സയില്ലെന്ന് പ്രഖ്യാപനം നടത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.