raid

ചെന്നൈ: തമിഴ്നാട്ടിൽ പ്രതിപക്ഷ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡിൽ എട്ട് കോടി രൂപ പിടിച്ചെടുത്തെന്ന് ആദായ നികുതി വകുപ്പ്.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ മത്സരിക്കുന്ന താരാപുരം മണ്ഡലത്തിലെ ഡി.എം.കെ, എം.ഡി.എം.കെ, മക്കൾ നീതി മയ്യം നേതാക്കളുടെ വീട്ടിലാണ് റെയ്ഡ് നടന്നത്.

കമലഹാസന്റെ വിശ്വസ്ഥനും മക്കൾ നീതി മയ്യം ട്രഷററുമായ ചന്ദ്രശേഖർ,​ ഡി.എം.കെ തിരുപ്പൂർ ടൗൺ സെക്രട്ടറി കെ.എസ്. ധനശേഖരൻ, എം.ഡി.എം.കെ. ജില്ലാ അസി.സെക്രട്ടറി കവിൻ നാഗരാജൻ, എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു പരിശോധന. മൂന്നിടങ്ങളിൽ നിന്നുമായി കണക്കിൽപ്പെടാത്ത എട്ട് കോടി രൂപ പിടിച്ചെടുത്തുവെന്നാണ് ആദായ നികുതി ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരം.

തിരുപ്പൂർ ജില്ലയിലെ താരാപുരത്ത് ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് അർദ്ധരാത്രി വരെ നീണ്ടു. ഇന്നലെ രാവിലെ കവിൻ നാഗരാജിന്റെ വീട്ടിലാണ് ആദ്യം ആദായ നികുതി ഉദ്യോഗസ്ഥർ എത്തിയത്. വൈകിട്ട് ധനശേഖരന്റെയും ചന്ദ്രശേഖറിന്റെയും വീടുകളിലും ചന്ദശേഖറിന്റെ ഉടമസ്ഥതയിലുള്ള അനിത ടെക്‌സ്‌കോട്ട് ലിമിറ്റഡിന്റെ ഓഫീസിലും കൂടി പരിശോധന ആരംഭിച്ചു.

സംവരണ മണ്ഡലമായ താരാപുരത്താണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ എൽ. മുരുകൻ മത്സരിക്കുന്നത്. ഡി.എം.കെയുടെ കായൽവിഴി സെൽവരാജ് ആണ് പ്രധാന എതിരാളി. ചാർളിയാണ് മക്കൾ നീതി മയ്യം സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പിൽ പരാജയം മുന്നിൽക്കണ്ട ബി.ജെ.പി പ്രതിപക്ഷത്തെ തെരഞ്ഞ് പിടിച്ച് വേട്ടയാടുകയാണെന്ന് ഡി.എം.കെ നേതാക്കൾ ആരോപിച്ചു.

മധുരയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ലൈയിംഗ് സ്ക്വാഡ് പരിശോധനയിൽ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വച്ചിരുന്ന 300 കമ്പ്യൂട്ടറുകളും 300 സാരികളും സമ്മാനപ്പൊതികളും പിടിച്ചെടുത്തു. അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥി ആർ.ബി. ഉദയകുമാറിന്റെ ചിത്രം സമ്മാനപ്പൊതികളിൽ പതിച്ചിരുന്നു.