
മ്യൂണിക്ക് : നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും മുൻ ചാമ്പ്യൻമാരായ ചെൽസിയും രണ്ടാം പാദ പ്രീക്വാർട്ടറിലും വിജയം നേടി ക്വാർട്ടർ ഫൈനലിലെത്തി.
ബയേൺ ഇറ്റാലിയൻ ക്ളബ് ലാസിയോയെ രണ്ടാം പാദത്തിൽ 2-1നാണ് തോൽപ്പിച്ചത്. ആദ്യ പാദത്തിൽ 4-1ന് ജയിച്ചിരുന്ന ബയേൺ 6-2 എന്ന ആകെ ഗോൾ മാർജിനിലാണ് അവസാനഎട്ടിലേക്ക് കടന്നത്. ചെൽസി കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ രണ്ടാം പാദത്തിൽ 2-0ത്തിനാണ് കീഴടക്കിയത്. ആദ്യ പാദത്തിലെ വിജയം 1-0ത്തിനായിരുന്നു.
ബയേണിന്റെ തട്ടകത്തിൽ നടന്ന രണ്ടാം പാദമത്സരത്തിൽ റോബർട്ടോ ലെവാൻഡോവ്സ്കിയും ചൗപ്പോമോട്ടിംഗും നേടിയ ഗോളുകൾക്കായിരുന്നു ജർമ്മൻ ക്ളബിന്റെ വിജയം.33-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയായിരുന്നു ലെവാൻഡോവ്സ്കിയുടെയ സ്കോറിംഗ്.73-ാം മിനിട്ടിലായിരുന്നു മോട്ടിംഗിന്റെ ഗോൾ.82-ാംമിനിട്ടിൽ പരോളോയാണ് ലാസിയോയുടെ ആശ്വാസഗോൾ നേടിയത്.
ചെൽസിയും ഹോം മാച്ചിലാണ് വിജയം കണ്ടത്.34-ാം മിനിട്ടിൽ ഹക്കിം സിയേഷും അവസാനമിനിട്ടിൽ എമേഴ്സണുമാണ് ചെൽസിയുടെ ഗോളുകൾ നേടിയത്.81-ാം മിനിട്ടിൽ സാവിച്ച് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ പത്തുപേരുമായാണ് അത്‌ലറ്റിക്കോ മത്സരം പൂർത്തിയാക്കിയത്.
ക്വാർട്ടറിലെത്തിയ ടീമുകൾ
എഫ്.സി പോർട്ടോ,ബൊറൂഷ്യ ഡോർട്ട്മുണ്ട്,പാരീസ് എസ്.ജി,ലിവർപൂൾ,റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്ക്, ചെൽസി
ക്വാർട്ടർ ഫൈനൽ ഡ്രോ ഇന്ന് നടക്കും.