
മലപ്പുറം :ചെങ്ങന്നൂരിൽ ബി.ജെ.പിയുടെ മുൻ പ്രസിഡന്റിനെയും കോന്നിയിൽ നിലവിലെ പ്രസിഡന്റിനെയും സി.പി.എമ്മാണ് പരാജയപ്പെടുത്തിയതെന്നും, എൽ.ഡി.എഫിന് ജയിക്കാൻ ഒരു വർഗ്ഗീയ കക്ഷിയെയും ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് കോൺ-ലീഗ്-ബി.ജെ.പി സഖ്യമുണ്ടായിരുന്നുവെന്ന ഒ.രാജഗോപാലിന്റെ പ്രസ്താവന മാദ്ധ്യമപ്രവർത്തകർ ചെവിയിൽ പഞ്ഞി വച്ച് കേൾക്കാതിരിക്കുകയാണ്. ആർ. ബാലശങ്കറിന്റെ പിന്നാലെ പോവാൻ മാദ്ധ്യമങ്ങൾക്ക് നാണമുണ്ടോ?. ബാലശങ്കറിന്റെ പ്രസ്താവന സി.പി.എമ്മിനെ ബാധിക്കില്ല. ബി.ജെ.പിക്കുള്ളിലെ പ്രശ്നങ്ങളാവാം ഇതിനുപിന്നിൽ. 35 പേരുണ്ടെങ്കിൽ ഭരിക്കുമെന്നത് കോൺഗ്രസിൽ പ്രതീക്ഷയർപ്പിച്ചാണ് ബി.ജെ.പി പറയുന്നത്. കോൺഗ്രസുകാർ നേരെ ബി.ജെ.പിയിലേക്ക് പോയി സർക്കാരുണ്ടാക്കുന്നതാണ് അനുഭവം. കോൺഗ്രസ് ക്ഷീണിച്ചുവരുന്ന പശ്ചാത്തലത്തിൽ ബി.ജെ.പിയുമായി കൂട്ടുകൂടി അല്പമെങ്കിലും നേട്ടമുണ്ടാക്കാനാവുമോ എന്നാണ് നോക്കുന്നത്. മലമ്പുഴയിൽ നേമം മറ്റൊരു രൂപത്തിൽ ആവർത്തിക്കാൻ ശ്രമമുണ്ടായി. ഒരാളും കേൾക്കാത്ത പാർട്ടിക്കാണ് യു.ഡി.എഫ് സീറ്റ് നൽകിയത്- മുഖ്യമന്ത്രി പറഞ്ഞു.
ഒ. രാജഗോപാൽ ജയിച്ചത്
യു.ഡി.എഫ് വോട്ടിൽ-കാനം
നേമത്ത് കഴിഞ്ഞ തവണ രാജഗോപാൽ ജയിച്ചത് യു.ഡി.എഫ് വോട്ട് ഏതിലൂടെയോ ഒഴുകിപ്പോയപ്പോഴാണെന്നും, ഇനിയുമൊഴുകിപ്പോകാതിരിക്കാൻ കോൺഗ്രസ് ചിറ കെട്ടുന്നെങ്കിൽ നല്ലതാണെന്നും .സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു..
നേമത്ത് ന്യൂനപക്ഷ വോട്ടുകൾ എങ്ങോട്ട് പോകുമെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് പറയാം
ബി.ജെ.പിക്ക് സഖ്യവും ബന്ധവും ആരുമായാണെന്നത് ജനങ്ങൾക്കറിയാം. കെ.ജി. മാരാർ ആത്മകഥയിൽ അതെഴുതിയിട്ടുണ്ട്. ഒ.രാജഗോപാലും അത് പറഞ്ഞുകഴിഞ്ഞു. കോ-ലീ-ബി സഖ്യമെന്ന അദ്ധ്യായം അടഞ്ഞതാണെന്ന് പറഞ്ഞാൽ തുറന്നിരുന്നുവെന്നാണ്. മുല്ലപ്പള്ളി അത് സമ്മതിച്ചത് നന്നായി. . മുല്ലപ്പള്ളി അടച്ചാലും അടയാത്ത അദ്ധ്യായമാണത്.
സംസ്ഥാനത്ത് പ്രതിപക്ഷത്തിന് മത്സരിക്കാൻ സ്ഥാനാർത്ഥികളെ നിർമ്മിക്കാനുള്ള ഓർഡർ കൊടുക്കേണ്ട ദയനീയ സ്ഥിതിയാണ്.സി.പി.ഐയിൽ നിന്ന് എൻ.ഡി.എയിലേക്ക് പ്രവർത്തകർ പോയത് ജനാധിപത്യത്തിന്റെ വികാസത്തിന്റെ പുതിയ ഘട്ടത്തെയാണ് കാണിക്കുന്നത്. അവസരവാദികൾ എങ്ങോട്ടും പോകും. സി.പി.എമ്മിലും സി.പി.ഐയിലും നിന്ന് പ്രവർത്തകർ പോകുന്നത് യാഥാർത്ഥ്യമാണ്. സ്ത്രീപ്രാതിനിദ്ധ്യം സി.പി.ഐയിൽ കുറവാണെന്ന് സമ്മതിക്കുന്നു.
പി.സി. ചാക്കോ എൽ.ഡി.എഫിൽ വരുന്നത് നല്ല കാര്യമാണെന്നും കാനം പറഞ്ഞു.