
തിരുവനന്തപുരം: നെയ്യാറ്റിൻകര മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി ചെങ്കൽ.എസ്.രാജശേഖരൻ നായർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ജോയ്.എസിന് മുൻപിൽ രാവിലെ 11.30ഓടെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
കുടുംബക്ഷേത്രമായ ചെങ്കൽ മഹാദേവക്ഷേത്രത്തിലെത്തി ദർശനം നടത്തിയ ശേഷം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയെ കണ്ട് അനുഗ്രഹം വാങ്ങി. തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുകയിൽ ഒരു വിഹിതം സ്വാമി നൽകി. തുടർന്ന് തന്റെ ഉടമസ്ഥതയിലുള്ള സ്കൂളിലെത്തിയ അദ്ദഹത്തിന് സ്കൂളിലെ അധ്യാപകരുടെയും രക്ഷകർത്താക്കളും ചേർന്ന് കെട്ടിവയ്ക്കാനുള്ള തുക നൽകി.
പിന്നീട് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തി രാജശേഖരൻ നായർ നാമനിർദേശ പത്രിക സമർപ്പിച്ചു.നെയ്യാറ്റിൻകര മണ്ഡലം വികസനത്തിന്റെ മാറ്റം ആഗ്രഹിക്കുന്നതായും,ഇത്തവണ മണ്ഡലത്തിലെ ജനങ്ങൾ എൻ ഡി എ ക്കൊപ്പമാണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നെയ്യാറ്റിൻകരയിലെ ജനങ്ങളുടെ ആവശ്യങ്ങൾ തന്റെയും ജീവിതാനുഭവങ്ങൾ ആണെന്നും, അവർക്കൊക്കെ വേണ്ടിയാണ് താൻ മത്സര രംഗത്തേക്ക് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.