jared-kushner

ദോഹ: സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങൾ ഇസ്രയേലുമായി നല്ല ബന്ധം സ്ഥാപിക്കാൻ സന്നദ്ധരാണെന്ന് മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് ദൂതനും മരുമകനുമായ ജറാഡ് കുഷ്നർ. അറബ്-ഇസ്രയേൽ സംഘർഷത്തിന്റെ അവസാന അടയാളങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇസ്രയേലും പാലസ്തീനും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചാൽ മാത്രമേ അറബ്-ഇസ്രയേൽ സംഘർഷം അവസാനിക്കൂ എന്നൊരു മിഥ്യധാരണയുണ്ടായിരുന്നു. എന്നാൽ അത് സത്യമായിരുന്നില്ല. യു.എ.ഇയും ബഹ്റൈനും ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചതോടെ ഈ ധാരണ പൊളിഞ്ഞു. ഇസ്രയേലും പാലസ്തീനും തമ്മിലുള്ള പ്രശ്‌നങ്ങൾ റിയൽ എസ്റ്റേറ്റ് തർക്കമാണ്. ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി ഒരു അതിർത്തി രേഖ തയ്യാറാക്കുന്നതോടെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നും കുഷ്‌നർ അഭിപ്രായപ്പെട്ടു. മൗറിത്താനിയ പോലുള്ള രാജ്യങ്ങളും ഇസ്രയേലിനെ അംഗീകരിക്കാൻ മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബൈഡൻ ഭരണകൂടം നേതൃത്വം വഹിക്കാൻ തയ്യാറായാൽ സൗദിയും ഇസ്രയേലും തമ്മിലുള്ള ബന്ധം സാധാരണനിലയിലാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കുഷ്‌നർ പറഞ്ഞു.