
ന്യൂഡൽഹി: അഞ്ചുവർഷത്തിനകം ഇന്ത്യ വാഹന നിർമ്മാണ ഹബ്ബാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. വാഹനം പൊളിക്കൽ നയത്തിന്റെ കരട് ലോക്‌സഭയിൽ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. എം.പിമാർ ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വാഹനം പൊളിക്കൽ നയം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ഗുണമാണ്. പുതിയ വാഹനവില്പന കൂടും. വാഹനഘടകങ്ങളുടെ വിലയും കുറയും.
എഥനോൾ, ഹൈഡ്രജൻ, സി.എൻ.ജി., ബയോ ഫ്യുവൽ എന്നിവയുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കും. ഒരുവർഷത്തിനകം ലിഥിയം-അയോൺ ബാറ്ററികൾ 100 ശതമാനവും ' മെയ്ഡ് ഇൻ ഇന്ത്യയാക്കും. രണ്ടുവർഷത്തിനകം ഇലക്‌ട്രിക് വാഹനവില പെട്രോൾ വണ്ടികൾക്ക് തുല്യമാകും. വാഹനം പൊളിക്കൽ നയം നേരിട്ടും അല്ലാതെയും 3.7 കോടിപ്പേർക്ക് നേട്ടമാകും. രാജ്യത്തെ വാഹനവിപണിയുടെ വിറ്റുവരവ് നിലവിലെ 4.5 ലക്ഷം കോടി രൂപയിൽ നിന്ന് 10 ലക്ഷം കോടി രൂപയിലെത്താൻ നയം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാലപ്പഴക്കമുള്ള വാഹനങ്ങൾ പൊളിക്കാൻ നിയമം വേണമെന്ന് വാഹന നിർമ്മാതാക്കളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. നയത്തിന്റെ കരട് വെബ്‌സൈറ്റിൽ ഗതാഗതമന്ത്രാലയം പ്രസിദ്ധീകരിക്കും. പൊതുജനങ്ങൾക്കും മറ്റും 30 ദിവസത്തിനകം അഭിപ്രായങ്ങൾ അറിയിക്കാം.
പുതിയ വിപണി, കൂടുതൽ തൊഴിൽ
വാഹനം പൊളിക്കൽ എന്ന പുതിയ വ്യവസായം തന്നെയാണ് പുതിയനയം പ്രാബല്യത്തിലായാൽ ഇന്ത്യയിൽ പിറക്കുക.
₹10,000 കോടി രൂപയുടെ നിക്ഷേപം ഈ രംഗത്തേക്ക് സമീപഭാവിയിൽ തന്നെ ഒഴുകുമെന്നാണ് പ്രതീക്ഷ
35,000ലേറെ പേർക്ക് തൊഴിലും ലഭിക്കും
പൊളിക്കേണ്ടവ ഏത്?
20 വർഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങൾ രജിസ്‌ട്രേഷൻ പുതുക്കാതിരുന്നാലോ 15 വർഷത്തിലേറെ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ ഫിറ്റ്നസ് ടെസ്‌റ്റിൽ പരാജയപ്പെട്ടാലോ നിരത്തിലിറക്കാനാവില്ല; ഇവ പൊളിക്കാം. പുക പരിശോധന, ബ്രേക്കിംഗ്, സുരക്ഷാ സൗകര്യങ്ങൾ തുടങ്ങിയവ പരിശോധിച്ചാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുക. 10 മുതൽ 12 മടങ്ങുവരെ അധികം പരിസ്ഥിതി മലിനീകരണമാണ് പഴയ വാഹനങ്ങൾ സൃഷ്‌ടിക്കുന്നത്.
വേണം പൊളിക്കൽ
കേന്ദ്രങ്ങൾ
രാജ്യത്ത് വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ നിലവിൽ കുറവാണ്. പരസ്ഥിതി സൗഹൃദമായി പുതിയവ തുറക്കാൻ ഏകജാലക സംവിധാനം നടപ്പാക്കും. പൊളിക്കൽ കേന്ദ്രത്തിൽ ആവശ്യത്തിന് പാർക്കിംഗ് സൗകര്യം, വായുശുദ്ധീകരണ സംവിധാനം, ശബ്ദമലീനികരണ നിയന്ത്രണ സംവിധാനം, വെള്ളം തുടങ്ങിയവ ഉറപ്പാക്കണം. ഓട്ടോമേറ്റഡ് ഫിറ്റ്‌നസ് സെന്ററുകൾ പി.പി.പി മോഡലിൽ ആരംഭിക്കാൻ സംസ്ഥാനസർക്കാരുകൾ, സ്വകാര്യമേഖല, വാഹന നിർമ്മാതാക്കൾ എന്നിവരെ പ്രോത്സാഹിപ്പിക്കും.
ഫിറ്റ്‌നസ് സെന്ററുകൾ അത്യാധുനികവും വിശാലവുമാകണം
ഇവിടെ ടെസ്‌റ്റിംഗ് മാത്രമേ നടത്താവൂ
റിപ്പയറിംഗ്, വില്പന, സ്‌പെയർപാർട്‌സ് വില്പന എന്നിവ പാടില്ല
ബുക്കിംഗും സർട്ടിഫിക്കറ്റ് വിതരണവും ഓൺലൈനിലൂടെ വേണം