indian-test-team

ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തെളിഞ്ഞ് ഇന്ത്യൻ ടീമിന്റെ പുതിയമുഖം

ആദ്യം ആസ്ട്രേലിയൻ പര്യടനത്തിലെ നാലു ടെസ്റ്റുകൾ.പിന്നീട് ഇംഗ്ളണ്ടിനെതിരെ സ്വന്തം നാട്ടിൽ നാലു ടെസ്റ്റുകൾ. ഈ രണ്ട് പരമ്പരകൾ കഴിയുമ്പോൾ ആരാധകർക്ക് കാണാൻ കഴിയുന്നത് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ മുഖമാണ്; ചെറുപ്പം തിളങ്ങുന്ന മുഖം.പ്രായത്തിൽ മാത്രമല്ല സമീപനത്തിലും ടീം ഇന്ത്യ എത്ര മാറിയിരിക്കുന്നു എന്ന് ഈ പരമ്പരകൾ തെളിയിക്കുന്നു.

ആസ്ട്രേലിയയിൽ ആദ്യ ടെസ്റ്റിൽ നാണം കെട്ട് തോറ്റശേഷമാണ് ഇന്ത്യ പരമ്പര 2-1ന് നേടിയെടുത്തത്.അഡ്‌ലെയ്ഡിൽ 36 റൺസിന് ആൾഔട്ടായ ശേഷം ഇന്ത്യ പരമ്പര സമനിലയിലാക്കുകയെങ്കിലും ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല. പക്ഷേ മെൽബണിൽ നായകൻ അജിങ്ക്യ രഹാനെ മുന്നിൽ നിന്ന് നേടിയെടുത്ത അത്യുജ്ജ്വല വിജയവും സിഡ്നിയിലെ വിജയത്തേക്കാളേറെ തിളക്കം നൽകിയ സമനിലയും ഒടുവിൽ ബ്രിസ്ബേനിൽ തോൽവിയുടെ വക്കത്തുനിന്ന് പിടിച്ചെടുത്ത വിജയവുമൊക്കെ ചേർന്ന് ഇന്ത്യയെ വേറേ ലെവലിലേക്ക് ഉയർത്തിയിരുന്നു.

ആസ്ട്രേലിയയിലെ പരമ്പര വിജയം അവിചാരിതമായി സംഭവിച്ചതല്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇംഗ്ളണ്ടിനെതിരായ പരമ്പര. ഇവിടെയും ആദ്യ മത്സരത്തിൽ തോറ്റശേഷമായിരുന്നു ഇന്ത്യ പരമ്പര പിടിച്ചടക്കിയത് എന്നതായിരുന്നു ശ്രദ്ധേയം.പരമ്പരയിൽ ഒരു മത്സരം തോൽക്കുന്നത് തങ്ങളുടെ ആത്മവിശ്വാസത്തെ ഉലയ്ക്കാത്ത രീതിയിലേക്ക് ഇന്ത്യ വളർന്നുകഴിഞ്ഞിരിക്കുന്നു എന്ന് സാരം.അവസാനം വരെ അടരാടാൻ കെൽപ്പുള്ള ഒരു യുവനിരയാണ് ഈ മാറ്റത്തിന് പിന്നിൽ. ആസ്ട്രേലിയയിൽ റിഷഭ് പന്തും വാഷിംഗ്ടൺ സുന്ദറും ശാർദ്ദൂൽ താക്കൂറും അശ്വിനും ഒക്കെച്ചേർന്ന് പോരാട്ടത്തിന്റെ മറ്റൊരു ഭൂമികയാണ് തുറന്നത്. ഇന്ത്യയിലെത്തിയപ്പോൾ രോഹിത് ശർമയും അക്ഷർ പട്ടേലും അവർക്കൊപ്പം കൂടി.

ഇതുവരെ ചേതേശ്വർ പുജാര,അജിങ്ക്യ രഹാനെ,വിരാട് കൊഹ്‌ലി തുടങ്ങിയവരായിരുന്നു ടെസ്റ്റിലെ ശക്തി . ‌ഈ വിശ്വാസകേന്ദ്രങ്ങൾ തകരുമ്പോൾ ഇന്ത്യ ഒന്നാകെ തകരുന്ന സ്ഥിതിയുണ്ടായിരുന്നു. അതിനാണ് മാറ്റം വന്നത്. എന്നാൽ റിഷഭ് പന്തും രോഹിത് ശർമ്മയും വാഷിംഗ്ടൺ സുന്ദറുമൊന്നും ടെസ്റ്റിന്റെ ശൈലിയിലേക്ക് പൂർണമായും മാറുകയായിരുന്നില്ല എന്നതും കൂട്ടിവായിക്കേണ്ടതുണ്ട്.തങ്ങളുടെ തനത് ശൈലിയിൽ ടെസ്റ്റും കളിക്കാനാകുമെന്ന് ഇവർ തെളിയിക്കുകയായിരുന്നു.

പന്തും ബാറ്റും

ട്വന്റി-20 ശൈലിയിൽ ബാറ്റു ചെയ്യാൻ മാത്രം കഴിയുന്ന പ്രതിഭ എന്നാണ് കരിയറിന്റെ തുടക്കത്തിൽ റിഷഭ് പന്ത് വിലയിരുത്തപ്പെട്ടത്. ഏത് ബൗളറെയും കണ്ണും പൂട്ടി അതിർത്തിക്കപ്പുറത്തേക്ക് പറത്തുന്ന റിഷഭിനെ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ടീമിലേക്ക് വിളിച്ചത്. എന്നാൽ ഏകദിനത്തിലും ട്വന്റി-20യിലും അനാവശ്യമായി വിക്കറ്റ് വലിച്ചെറിയുന്ന ശീലം സെലക്ടർമാർക്കും നാണക്കേടായി. ധോണിയെ മണിയടിച്ച് ടീമിൽ തുടരുന്നുവെന്ന കളിയാക്കലുകളും ഒപ്പം കിട്ടി. വിദേശത്ത് ടെസ്റ്റ് കളിക്കുമ്പോൾ റിസർവ് കീപ്പർ വേണമെന്ന് ഉള്ളതുകൊണ്ട്മാത്രമാണ് പലപ്പോഴും ടെസ്റ്റ് ടീമിലെത്തിയത്.2019ൽ ഇംഗ്ളണ്ട് പര്യടനത്തിൽ ടെസ്റ്റ് ടീമിൽ കളിക്കാൻ അവസരം ലഭിച്ചപ്പോൾ മികച്ച പ്രകടനം നടത്തിയത് അൽപ്പം ആശ്വാസമായി. എങ്കിലും ബാറ്റിംഗിലെ അസ്ഥിരത തു‌ർന്നതിനാൽ സഞ്ജു സാംസൺ ഉൾപ്പടെയുള്ളവരെ പരീക്ഷിക്കാൻ സെലക്ടർമാർ നിർബന്ധിതരായി.

ആസ്ട്രേലിയൻ പര്യടനത്തിൽ ഏകദിന,ട്വന്റി-20 പരമ്പരകളിൽ റിഷഭ് വെറും കാഴ്ചക്കാരനായിരുന്നു. ടെസ്റ്റ് ടീമിൽ വൃദ്ധിമാൻ സാഹയ്ക്ക് പരിക്കേറ്റതിനാലാണ് അവസരം ഉറപ്പായത് തന്നെ.എന്നാൽ ആസ്ട്രേലിയൻ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സ്ഥിതി മാറിയിരുന്നു.ഏത് ഫോർമാറ്റിലെയും ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ താൻ തന്നെയെന്ന് റിഷഭ് ഇംഗ്ളണ്ട് പര്യടനത്തോടെ തെളിയിച്ചിരിക്കുന്നു.ഇതോടെ ഇനി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുക സഞ്ജുവിന് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.

റോൾ മാറിയ രോഹിത്

2007ൽ ഇന്ത്യ ട്വന്റി-20 ലോകകപ്പ് നേടുമ്പോൾ മുതൽ രോഹിത് ഇന്ത്യൻ കുപ്പായത്തിലുണ്ട്. വൈറ്റ്ബാൾ ഫോർമാറ്റിൽ അത്യുജ്ജ്വല പ്രകടനം നടത്തുമ്പോഴും ടെസ്റ്റ് ഫോർമാറ്റ് രോഹിതിൽ നിന്ന് മാറിനിന്നു.2010ൽ ആസ്ട്രേലിയയ്ക്ക് എതിരെ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചെങ്കിലും മത്സരത്തിന് തൊട്ടുമുമ്പ് പറ്റിയ പരിക്ക് പണികാെടുത്തു. പിന്നീട് അവസരം ലഭിച്ചത് 2013ൽ സച്ചിന്റെ വി‌ടവാങ്ങൽ പരമ്പരയിൽ . കൊൽക്കത്തയിൽ സെഞ്ച്വറിയോടെ തുടക്കം കുറിച്ചെങ്കിലും പിന്നീട് സ്ഥിരതയില്ലയ്മ വേട്ടയാടാൻ തുടങ്ങി.രോഹിതിനെപ്പോലൊരു ക്ളാസിക് ബാറ്റ്സ്മാനെ ടെസ്റ്റിൽ മദ്ധ്യനിരയിൽ ഉപയോഗപ്പെടുത്താനാകാതെ വലഞ്ഞ ഇന്ത്യ ഒടുവിൽ അദ്ദേഹത്തിന് ഓപ്പണിംഗ് സ്ളോട്ട് അലോട്ട് ചെയ്താണ് പരീക്ഷിച്ചത്. ആ റോൾ മാറ്റമാണ് രോഹിതിന് തുണയായത്. ഏകദിനത്തിലും ട്വന്റി-20യിലും പയറ്റിത്തെളിഞ്ഞ ഓപ്പണിംഗ് ടെസ്റ്റിലും രോഹിത് സ്വതസിദ്ധമായ ശൈലിയിൽ രോഹിത് തുടർന്നു.

പിടിച്ചുനിന്നുകിട്ടിയാൽ കൂറ്റൻ ഷോട്ടുകൾ ഉതിർക്കാൻ മടികാട്ടാത്തതാണ് രോഹിതിന്റെ ശൈലി.ആസ്ട്രേലിയയിലും ഇംഗ്ളണ്ടിനെതിരെയും ഈ ശൈലിയിൽതന്നെയാണ് രോഹിത് ബാറ്റുവീശിയത്.ടെസ്റ്റിന് വേണ്ടി തന്റെ ശൈലിയിൽ രോഹിത് വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. സ്പിൻ ബൗളിംഗിനെ അളവറ്റ് തുണച്ച മൊട്ടേറയിലെ ആദ്യ ടെസ്റ്റിൽ ഇരു ടീമുകളെയും വേറിട്ടുനിറുത്തിയത് രോഹിതിന്റെ ബാറ്റിംഗ് തന്നെയായിരുന്നു.

അശ്വിനും അക്ഷറും

ഇന്ത്യൻ പിച്ചുകൾ പൊതുവെ സ്പിന്നർമാർക്ക് സ്വർഗമാണ്.എന്നാൽ സ്വർഗത്തെക്കാൾ സുന്ദരമായാണ് മൊട്ടേറയിലെയും ചെന്നൈയിലെയും പിച്ചുകൾ ഒരുക്കിയിട്ടിരുന്നത്.ഈ സ്വർഗത്തിൽ പൂണ്ടുവിളയാടുകയായിരുന്നു രവി ചന്ദ്രൻ അശ്വിനും അക്ഷർ പട്ടേലുമെന്ന് പറയാതെവയ്യ. ഹർഭജൻ സിംഗിന് ശേഷം ഇന്ത്യൻ സ്പിന്നിന്റെ ചുക്കാൻ പിടിക്കുന്നത് അശ്വിനാണ്. വിക്കറ്റ് വേട്ടയിൽ പല റെക്കാഡുകളും അശ്വിന് വഴിമാറിക്കഴിഞ്ഞു.

അശ്വിൻ പരിചയ സമ്പത്തുകൊണ്ടാണ് മികവ് കാട്ടുന്നതെങ്കിൽ തന്റെ അരങ്ങേറ്റ പരമ്പരയിൽ മാൻ ഒഫ് ദ മാച്ച് പുരസ്കാരം നേടിയ അക്ഷർ പട്ടേൽ അത്ഭുതമികവാണ് ചെന്നൈയിലും മൊട്ടേറയിലും കാട്ടിയത്.ആദ്യ ടെസ്റ്റിൽ ഷഹ്ബാസ് നദീമിനെ പരീക്ഷിച്ച് വശംകെട്ടപ്പോഴാണ് അക്ഷറിന് ടെസ്റ്റിൽ അരങ്ങേറാൻ വിളിയെത്തിയത്. ഇന്ത്യൻ മണ്ണിൽ മാത്രമല്ല വിദേശത്തും താൻ അഭിവാജ്യഘകടമാണെന്ന് അക്ഷറിന് തെളിയിക്കേണ്ടതുണ്ട്.അതിന് ബാറ്റിംഗ് ശേഷിയും കൂടി പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

വാഷിംഗ്ടൺ സുന്ദരൻ

ഏത് ടീമിനും ബോണസ് പാക്കേജാണ് ആൾറൗണ്ടർമാർ. സ്പിന്നർ എന്ന റോളിൽ ഷോർട്ട് ഫോർമാറ്റുകളിൽ ടീമിലെത്തിയ വാഷിംഗ്ടൺ സുന്ദർ ടെസ്റ്റിൽ എത്തുന്നത് ബൗളിംഗ് ആൾറൗണ്ടർ എന്ന ലേബലിലാണ്. പക്ഷേ താൻ ബാറ്റിംഗ് ആൾറൗണ്ടറാണെന്നാണ് വാഷിംഗ്ടൺ പലപ്പോഴും പറഞ്ഞിരുന്നത്. ആസ്ട്രേലിയൻ പര്യടനത്തിൽ അത് തെളിയിക്കുകയും ചെയ്തു. ഇംഗ്ളണ്ടിനെതിരെ 96 റൺസിലെത്തിയപ്പോൾ മറ്റേ അറ്റത്ത് ആരുമില്ലാത്ത ദുരവസ്ഥയും വാഷിംഗ്ടണിനുണ്ടായി. വരും മത്സരങ്ങളിൽ ബാറ്റിംഗ് മൂർച്ച കൂട്ടിയാൽ സെഞ്ച്വറികൾ ഈ താരത്തിനെ തേടിയെത്തുമെന്ന് ഉറപ്പ്.

ശുഭ്മാൻ ഗിൽ,ശാർദൂൽ താക്കൂർ,മുഹമ്മദ് സിറാജ് തുടങ്ങിയ യുവതാരങ്ങളും കഴിഞ്ഞ രണ്ട്പരമ്പരകളിലൂടെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇത്രയും വിശാലമായ ബെഞ്ച് സ്ട്രെംഗ്ത്താണ് തനിക്കുള്ളതെന്നതിൽ അഭിമാനമുണ്ടെന്ന് നായകൻ വിരാട് കൊഹ്‌ലി പരസ്യമായി പറഞ്ഞിട്ടുമുണ്ട്.

വാൽക്കഷ്ണം : മൊട്ടേറയിൽ വാഷിംഗ്ടണിന് സെഞ്ച്വറിയടിക്കാൻ കൂട്ടുനിൽക്കാൻ ആരുമില്ലാതെ തകർന്ന വാലറ്റത്തിനെതിരെ വാഷിംഗ‌്ടണിന്റെ അച്ഛനും മുൻ ഫസ്റ്റ് ക്ളാസ് ക്രിക്കറ്ററുമായ സുന്ദർ രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ അശ്വിന് സെഞ്ച്വറിയടിക്കാൻ സിറാജ് കൂട്ടുനിന്നതുപോലെ തന്റെ മകന് ആരും തുണയായില്ലത്രേ. പണ്ട് യുവ്‌രാജ് സിംഗിന്റെ പിതാവും മുൻ ക്രിക്കറ്ററുമായ യോഗ്‌രാജ് സിംഗും ഇതുപോലുള്ള പരാതികളുമായി രംഗത്തുവന്നിരുന്നു. അത് കളിക്കാരനെന്ന നിലയിൽ യുവിയുടെ മനസമാധാനം കളഞ്ഞിട്ടേയുള്ളൂ. വാഷിംഗ്ടണിന്റെ കാര്യത്തിൽ സുന്ദറും അത് ആവർത്തിക്കാതിരിക്കുന്നതാണ് ഉചിതം.