
കണ്ണൂർ: ബിജെപിയുടെ മുതിർന്ന നേതാവും നേമത്തെ സിറ്റിംഗ് എംഎൽഎയുമായ ഒ രാജഗോപാലിന്റെ പ്രസ്താവനകളിൽ വിയോജിപ്പ് പ്രകടിപ്പിച്ച് പാർട്ടിയിലെ മറ്റൊരു മുതിർന്ന നേതാവായ പിപി മുകുന്ദൻ. ഒ രാജഗോപാൽ വരുംവരായ്കകളെ പറ്റി ചിന്തിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ പ്രസ്താവനകൾ ദീർഘദൃഷ്ടിയോട് കൂടിയുള്ളതല്ലെന്നുമായിരുന്നു പിപി മുകുന്ദൻ പറഞ്ഞത്. ഒരു മലയാള വാർത്താ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വാക്കിന്റെ വില നോക്കിയല്ല ഒ രാജഗോപാൽ സംസാരിക്കുന്നത്. പാർട്ടിയിൽ എല്ലാ പരിഗണനയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. കേന്ദ്രത്തിൽ മന്ത്രി വരെയായി. പിപി മുകുന്ദൻ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായി അദ്ദേഹം സംസാരിച്ചതും കേരളത്തിലെ കോ-ലീ-ബി സഖ്യത്തിന്റെ കാര്യം സത്യമാണെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയും അടുത്തിടെ വിവാദമായിരുന്നു. 2016ൽ നേമത്ത് ബിജെപി-കോൺഗ്രസ് ധാരണ ഉണ്ടായിരുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അതേസമയം, നേമത്തെ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചുള്ള ഒ രാജഗോപാലിന്റെ നിലപാടിനോട് പിപി മുകുന്ദൻ യോജിപ്പ് പ്രകടിപ്പിച്ചു. എതിരാളിയുടെ ശക്തി ഒട്ടും കുറച്ച് കാണരുത്. വ്യക്തിപ്രഭാവം എന്നത് വോട്ടർമാർ ശ്രദ്ധിക്കുന്ന കാര്യമാണ്. വട്ടിയൂർക്കാവിലെ അദ്ദേഹം ജയിച്ചു. കെ മുരളീധരൻ കരുത്തനായ പ്രതിയോഗി തന്നെയാണെന്നും വടകരയിൽ പി ജയരാജനെ പോലെയൊരാളെ തോൽപ്പിച്ച ആളാണ് അദ്ദേഹമെന്നും മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.