4g

 സർക്കാർ വിറ്റഴിച്ചത് ₹77,814 കോടിയുടെ സ്‌പെക്‌ട്രം

ന്യൂഡൽഹി: മാർ‌ച്ച് രണ്ടിന് സമാപിച്ച 4ജി സ്‌പെക്‌ട്രം ലേലത്തിൽ പങ്കെടുത്ത ടെലികോം കമ്പനികൾ പ്രാഥമിക തുക കേന്ദ്ര ടെലികോം വകുപ്പിലേക്ക് അടച്ചു. 2,308 മെഗാഹെട്‌സ് സ്‌പെക്‌ട്രമാണ് സർക്കാർ ലേലത്തിന് വച്ചതെങ്കിലും ഇതിന്റെ 37 ശതമാനമാണ് വിറ്റുപോയത്. ഇതിലൂടെ സർക്കാരിന് 77,814 കോടി രൂപ ലഭിക്കും. 2016ലേതിന് സമാനമായി ഇക്കുറിയും 700 മെഗാഹെട്‌സ് എയ‌ർവേവുകൾ വിറ്റുപോയില്ല.

രാജ്യത്തെ 22 സർക്കിളുകളിലായി 800 എം.എച്ച്.ഇസഡ്., 1800 എം.എച്ച്.ഇസഡ്., 2,300 എം.എച്ച്.ഇസഡ് ബാൻഡുകളിൽ 57,123 കോടി രൂപയുടെ 488.35 മെഗാഹെട്‌സ് സ്‌പെക്‌ട്രമാണ് റിലയൻസ് ജിയോ വാങ്ങിയത്. ഇതിന്റെ മുൻകൂർ തുകയായി 15,019.84 കോടി രൂപ ഇന്നലെ ജിയോ അടച്ചു. 18,699 കോടി രൂപയ്ക്ക് 355.45 മെഗാഹെട്‌സ് സ്‌പെക്‌ട്രം വാങ്ങിയ ഭാരതി എയർ‌ടെൽ 6,323.98 കോടി രൂപ അടച്ചു. വീ (വൊഡാഫോൺ ഐഡിയ) മുൻകൂർ അടച്ചത് 574.65 കോടി രൂപയാണ്. അഞ്ച് സർക്കിളുകളിലായി ആകെ 1,993.4 കോടി രൂപയുടെ 11.8 മെഗാഹെട്‌സ് എയർ‌വേവുകളാണ് വീ സ്വന്തമാക്കിയത്.

വിറ്റഴിച്ച 855.6 മെഗാഹെട്‌സ് സ്‌പെക്‌ട്രത്തിൽ 50 ശതമാനത്തിലേറെയും സ്വന്തമാക്കിയത് ജിയോയാണ്. നിലവിലെ വർദ്ധിച്ച 4ജി ഉപയോഗത്തിന് കരുത്തേകുകയും 5ജി സേവനം അതിവേഗം നടപ്പാക്കുകയും ലക്ഷ്യമിട്ടായിരുന്നു ജിയോയുടെ നീക്കം.