
മുംബയ്: ടി.ആർ.പി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, മഹാരാഷ്ട്ര ആസ്ഥാനമായുള്ള ടെലിവിഷൻ ചാനലുകളിൽനിന്ന് 32 കോടി രൂപ മൂല്യമുള്ള ആസ്തികൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. ഫക്തി മറാത്തി, ബോക്സ് സിനിമ, മഹാ മൂവി എന്നിവയുടെ ഭൂമി, വാണിജ്യ താമസ കെട്ടിടങ്ങൾ എന്നിവയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മുംബയ്, ഇൻഡോർ, ഡൽഹി, ഗുഡ്ഗാവ് എന്നിവിടങ്ങളിലുള്ളവയാണിവ. ബാങ്ക് നിക്ഷേപങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.
ടെലിവിഷൻ റേറ്റിംഗ് പോയിന്റ്സ് (ടി.ആർ.പി) തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബയ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായാണ് ഈ ചാനലുകൾക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസെടുത്തത്.
ചാനലുകൾ 46.77 കോടിക്ക് സമാനമായ തട്ടിപ്പ് നടത്തിയെന്നാണ് ഇ.ഡി ആരോപിക്കുന്നത്.