
ആലുവ: കേരള പൊലീസ് ആന്ധ്രാപ്രദേശ് നക്സൽമേഖലയിൽ നിന്നു സാഹസികമായി കീഴ്പ്പെടുത്തിയ മകവാരപാളയം സീതണ്ണ അഗ്രഹാരത്തിൽ പല്ലശ്രീനിവാസറാവു ആന്ധ്രാ കഞ്ചാവിന്റെ കേരള വിപണിയിലെ പ്രധാന ഇടനിലക്കാരനാണ്. ആന്ധ്രയിലെ മകവാരപാളയത്തിൽ എത്തുന്ന മലയാളികൾക്ക് കഞ്ചാവ് കൈമാറുന്നത് പല്ലശ്രീനിവാസറാവുവാണ്.
ടാക്‌സി ഡ്രൈറായ പ്രതിക്ക് ആദിവാസി മേഖലയുമായി അടുത്ത ബന്ധമുണ്ട്. ആദിവാസി ഊരിന് താഴെയാണ് താമസം. ഈ പ്രദേശത്താണ് കഞ്ചാവു കൃഷി. വിജയവാഡയിൽ നിന്ന് മൂന്നൂറ് കിലോമീറ്റർ ഉൾപ്രദേശത്താണ്. കിലോയ്ക്ക് 3000 മുതൽ 4000 രൂപവരെ നൽകി വാങ്ങുന്ന കഞ്ചാവ് കേരളത്തിലെത്തിച്ച് 25,000- 30,000 രൂപ നിരക്കിലാണ് വിറ്റഴിക്കുന്നത്. ഇടനിലക്കാരന് കിലോയ്ക്ക് ആയിരം രൂപ വീതം ലഭിക്കും.
നർക്കോട്ടിക് സെൽ സി.ഐ എം. സുരേന്ദ്രൻ, സബ് ഇൻസ്‌പെക്ടർ ടി.എം. സുഫി എന്നിവർ കഞ്ചാവ് വാങ്ങാനെന്ന വ്യാജേനയെത്തിയാണ് പ്രതിയെ പിടികൂടിയത്. ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് വിട്ടില്ല. ആയിരക്കണക്കിന് കിലോ കഞ്ചാവ് കേരളത്തിലെത്തിക്കാൻ ഇയാൾ ഇടനിലക്കാരനായി പ്രവർത്തിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ നവംബറിൽ കാറുകളിൽ കടത്തുകയായിരുന്ന 105 കിലോ കഞ്ചാവ് അങ്കമാലിയിൽ പിടികൂടിയതിനെ തുടർന്നാണ് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചത്. തുടർന്ന് കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനികളായ ഏഴുപേരെ അറസ്റ്റുചെയ്തു. ഇവരിൽ നിന്നാണ് പല്ലശ്രീനിവാസറാവുവിനെക്കുറിച്ച് വിവരം ലഭിച്ചത്.
ആലുവ കോടതി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നവരിലെ മുഖ്യകണ്ണികളെയും തെരയുന്നുണ്ട്.