stocks

കൊച്ചി: ഓഹരി വിപണിയുടെ തുടർച്ചയായ അഞ്ചുദിവസത്തെ നഷ്‌ടത്തിലൂടെ നിക്ഷേപകരുടെ കീശയിൽ നിന്ന് കൊഴിഞ്ഞത് 8.13 ലക്ഷം കോടി രൂപ. മാർച്ച് പത്തിന് 209.26 ലക്ഷം കോടി രൂപയായിരുന്ന സെൻസെക്‌സിന്റെ നിക്ഷേപകമൂല്യം ഇന്നലെ വ്യാപാരാന്ത്യമുള്ളത് 201.12 ലക്ഷം കോടി രൂപയിലാണ്. അഞ്ചുദിവസത്തിനിടെ സെൻസെക്‌സിന് നഷ്‌ടമായത് 2,062 പോയിന്റുകളാണ്; ഇന്നലെ മാത്രം 585 പോയിന്റിടിഞ്ഞു.

അമേരിക്കയിൽ ഉൾപ്പെടെ ആഗോളതലത്തിൽ സർക്കാർ കടപ്പത്രങ്ങളിൽ (ബോണ്ട്) നിന്നുള്ള ലാഭം (യീൽഡ്) കൂടിയതിനാൽ നിക്ഷേപകർ ഓഹരി വിപണിയെ കൈവിട്ട് ബോണ്ടുകളിലേക്ക് ചേക്കേറുന്നതാണ് തിരിച്ചടിയാകുന്നത്. ഇന്ത്യയിൽ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ വീണ്ടും കൂടുന്നതും നിക്ഷേപകരിൽ ആശങ്കയുണ്ടാക്കുന്നു.

സെൻസെക്‌സിൽ വലിയ നഷ്‌ടം കുറിച്ച ഓഹരികൾ എച്ച്.സി.എൽ ടെക്, ഇൻഫോസിസ്, ഡോ. റെഡ്ഡീസ് ലാബ്, ടി.സി.എസ്., ടെക് മഹീന്ദ്ര, റിലയൻസ് ഇൻഡസ്‌ട്രീസ് എന്നിവയാണ്. ഐ.ടി.സി., ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ എന്നിവ നഷ്‌ടത്തിലേക്ക് വീഴാതെ പിടിച്ചുനിന്നു.