india-win

നാലാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് ജയം,പരമ്പര 2-2ന് സമനിലയിൽ

സൂര്യകുമാർ യാദവിന് അർദ്ധസെഞ്ച്വറി (57)

അഞ്ചാം ട്വന്റി-20 നാളെ, ജയിക്കുന്നവർക്ക് പരമ്പര

അഹമ്മദാബാദ് : ടോസ് കിട്ടിയില്ലെങ്കിലും ചങ്കൂറ്റമുണ്ടെങ്കിൽ ജയിക്കാനാകുമെന്ന് തെളിയിച്ച ടീം ഇന്ത്യ ഇംഗ്ളണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിലേക്ക് എല്ലാ ആവേശവും നിറച്ചുവച്ച് നാലാം മത്സരത്തിൽ എട്ടുറൺസിന്റെ വിജയം നേടി പരമ്പര 2-2ന് സമനിലയിലെത്തിച്ചു. ഇന്നലെ ടോസ് നഷ്‌ടപ്പെട്ടിറങ്ങി 185/8 എന്ന സ്കോർ ഉയർത്തിയ ശേഷം ഇംഗ്ളണ്ടിനെ 177/8ൽ ഒതുക്കിയാണ് ഇന്ത്യ വിജയത്തിലെത്തിയത്. പരമ്പരയിൽ ആദ്യമായാണ് ചേസിംഗിനിറങ്ങിയ ടീം തോൽക്കുന്നത്.

അന്താരാഷ്ട്ര മത്സരത്തിൽ നേരിട്ട ആദ്യ പന്തുതന്നെ സിക്സ് പറത്തുകയും അർദ്ധസെഞ്ച്വറി കുറിക്കുകയും ചെയ്ത സൂര്യകുമാർ യാദവിന്റെ (57) മികവിലാണ് ഇന്ത്യ 185 റൺസെടുത്തത്. രോഹിത് ശർമ്മയും (12)കെ.എൽ രാഹുലും(14),വിരാട് കൊഹ‌്‌ലിയും (1) നിരാശപ്പെടുത്തിയപ്പോൾ ശ്രേയസ് അയ്യർ (37),റിഷഭ് പന്ത് (30) എന്നിവരുടെ പ്രകടനവും ഇന്ത്യയെ മോശമല്ലാത്ത സ്കോറിലേക്ക് നയിച്ചു.

ബെൻ സ്റ്റോക്സ്(46), ജാസൺ റോയ് (40),ബെയർസ്റ്റോ (25), ആർച്ചർ (18*) എന്നിവർ ഇംഗ്ളണ്ടിനായി പൊരുതി നോക്കിയെങ്കിലും പന്ത് വഴുതിപ്പോകുന്ന മഞ്ഞിലും കൃത്യത കാത്തുസൂക്ഷിക്കാൻ കഷ്ടപ്പെട്ട ബൗളർമാരും വിജയത്തിന് അവകാശികളാണ്. ഇംഗ്ളണ്ടിനെ വിജയത്തിലേക്ക് എത്തിക്കുമെന്ന് കരുതിയ സ്റ്റോക്സിനെയും ഇയോൻ മോർഗനെയും 17-ാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ ശാർദൂൽ താക്കൂറാണ് കളിതിരിച്ചത്. അവസാന ഓവറിൽ ആർച്ചർ ആഞ്ഞടിച്ചപ്പോൾ ഒന്നു പതറിയെങ്കിലും ക്രിസ് യോർദാനെ(12) പുറത്താക്കിയ താക്കൂർ വിജയം വിട്ടുകൊടുത്തില്ല.താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാർദിക്ക് പാണ്ഡ്യയും രാഹുൽ ചഹറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ഭുവനേശ്വറിന് ഒരു വിക്കറ്റ് ലഭിച്ചു.

നാളെ ഇതേവേദിയിലാണ് അവസാന ട്വന്റി-20 മത്സരം.ഇതിൽ വിജയിക്കുന്നവർക്ക് പരമ്പര നേടാം.

മൊട്ടേറയിൽ ഇന്നലെ ടോസ് നേടിയ ഇംഗ്ളണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. രോഹിതും രാഹുലും ചേർന്നാണ് ഓപ്പണിംഗിനെത്തിയത്. നാലാം ഓവറിൽ ടീം സ്കോർ 21-ൽ നിൽക്കവേ ആർച്ചറിന് റിട്ടേൺ ക്യാച്ച് നൽകി രോഹിതാണ് ആദ്യം പുറത്തായത്. പകരമിറങ്ങിയ സൂര്യകുമാർ ആദ്യപന്തുതന്നെ ഗാലറിയിലെത്തിച്ച് വരവറിയിച്ചു. തട്ടിമുട്ടിനിന്ന രാഹുലിനെക്കൂട്ടി സൂര്യകുമാർ 50കടത്തി.എട്ടാം ഓവറിൽ ടീം സ്കോർ 63-ൽ നിൽക്കവേ രാഹുലും മടങ്ങി.സ്റ്റോക്ക്സിന്റെ പന്തിൽ ആർച്ചർക്കായിരുന്നു ക്യാച്ച്. പകരമെത്തിയ ഇന്ത്യൻ നായകൻ കൊഹ്‌ലി കാലുറപ്പിക്കുംമുമ്പേ സ്റ്റംപ് ചെയ്യപ്പെട്ട് മടങ്ങിയതോടെ ഇന്ത്യ 70/3 എന്ന നിലയിലായി.

തുടർന്ന് ശ്രേയസും സൂര്യകുമാറും ചേർന്ന് 110 റൺസ് വരെയെത്തിച്ചു.31 പന്തുകൾ നേരിട്ട് ആറുഫോറും മൂന്ന് സിക്സുമടക്കം 57 റൺസെടുത്ത സൂര്യകുമാറിനെ 14-ാം ഓവറിൽ സാം കറാൻ ഡേവിഡ് മലാന്റെ കയ്യിലെത്തിച്ചു.രണ്ടാം ട്വന്റി-20യിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ബാറ്റിംഗിനിറങ്ങാൻ അവസരം ലഭിക്കാതിരുന്ന സൂര്യകുമാർ ഇന്നലെ കിട്ടിയ ചാൻസ് ശരിക്കും വിനിയോഗിക്കുകയായിരുന്നു.

അഞ്ചാം വിക്കറ്റിൽ റിഷഭും അയ്യരും ചേർന്ന് 18 പന്തുകളിൽ 34 റൺസടിച്ചുകൂട്ടിയതാണ് ഇന്ത്യയുടെ സ്കോർ ഉയർത്തിയത്. 23 പന്തുകൾ നേരിട്ട റിഷഭ് നാലുബൗണ്ടറികൾ പായിച്ചു.18 പന്തുകൾ നേരിട്ട അയ്യർ അഞ്ചുഫോറും ഒരു സിക്സും പറത്തി.അവസാന നാലോവറിനി‌ടെ ഇന്ത്യയ്ക്ക് നാലുവിക്കറ്റുകൾ നഷ്ടമായി.ശ്രേയസിനെയും റിഷഭിനെയും വാഷിംഗ്ടണിനെയും (4)ആർച്ചർ മടക്കിയപ്പോൾ ഹാർദിക്ക് (11) മാർക്ക് വുഡിന് ഇരയായി. നാലോവറിൽ 33 റൺസ് വഴങ്ങി ആർച്ചർ നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ കറാൻ,ആദിൽ റഷീദ്,മാർക്ക് വുഡ്,ബെൻ സ്റ്റോക്സ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

പരിക്കേറ്റ ഇശാൻ കിഷനെയും യുസ്വേന്ദ്ര ചഹലിനെയും ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. ഇശാന് പകരമാണ് സൂര്യകുമാർ ടീമിലെത്തിയത്.ചഹലിന് പകരം രാഹുൽ ചഹറും കളിക്കാനിറങ്ങി.

രോഹിത്@3000

ഇന്ത്യൻ ഉപനായകൻ അന്താരാഷ്ട്ര ട്വന്റി-20യിൽ 3000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി. വിരാടാണ് ആദ്യത്തെയാൾ.