
കോഴിക്കോട്: ഷൊർണ്ണൂർ സിറ്റിംഗ് എംഎൽഎയായ പികെ ശശിക്ക് എന്തുകൊണ്ട് ഇടതുപക്ഷം സീറ്റ് നൽകിയില്ല എന്ന ചോദ്യവുമായി ബിജെപി വക്താവും പാർട്ടിയുടെ ഷൊർണ്ണൂർ സ്ഥാനാർത്ഥിയുമായ സന്ദീപ് വാര്യർ. കാരാട്ട് റസാഖിനും പിവി അന്‍വറിനും സീറ്റ് കൊടുത്തല്ലോയെന്നും സന്ദീപ് വാര്യർ ചോദിച്ചു. ആഫ്രിക്കയില്‍ 20,000 കോടിയുടെ വജ്രം ഖനനം ചെയ്യാൻ പോകുകയാണെന്ന് പരസ്യമായി പറയുന്ന അന്‍വറിന് സിപിഎം സീറ്റ് കൊടുത്തു.
എന്നാല്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ നിരപരാധിയെന്ന് കണ്ടെത്തിയ പികെ ശശിക്ക് എന്തുകൊണ്ട് സീറ്റ് നൽകിയില്ല എന്ന് താൻ സിപിഎം അണികളോട് ചോദിക്കുന്നു. ബിജെപി വക്താവ് പറഞ്ഞു. തൃശൂർ മണ്ഡലത്തിലാണ് സന്ദീപ് വാര്യർ മത്സരിക്കുക എന്ന വാർത്തകളായിരുന്നു ആദ്യം വന്നത്. ഇതിനായാണ് പാലക്കാട്ടുകാരനായ സന്ദീപ് തൃശൂരിൽ വന്ന് താമസിക്കുന്നതെന്നും വാർത്തകൾ പരന്നിരുന്നു.
എന്നാൽ പിന്നീട് തൃശൂരിൽ സുരേഷ് ഗോപിയെ പാർട്ടി സ്ഥാനാർത്ഥിയായി നിശ്ചയിക്കുകയായിരുന്നു. സിപിഎമ്മിന്റെ എംബി രാജേഷിനും കോൺഗ്രസിന്റെ വിടി ബാലറാമിനും എതിരെ തൃത്താലയിൽ സന്ദീപ് മത്സരിക്കുമെന്നും വാർത്തകൾ വന്നിരുന്നുവെങ്കിലും പിന്നീട് ഷൊർണ്ണൂർ സീറ്റാണ് ബിജെപി വക്താവിന് ലഭിച്ചത്. സിപിഎമ്മിന്റെ പി മമ്മിക്കുട്ടി, യുഡിഎഫിന്റെ ടിഎച്ച് ഫിറോസ് എന്നിവർക്കെതിരെയാണ് സന്ദീപ് മത്സരിക്കുക.