
തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആണിക്കല്ല് വികസനത്തിലും കരുതലിലും ഉറപ്പിച്ച് ആവേശപൂർവം കളത്തിലിറങ്ങിയ ഇടതുമുന്നണിക്ക് 'ചോദിച്ചുവാങ്ങിയ' ഏടാകൂടമായി ശബരിമല വിഷയം. യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിലെ സർക്കാർ നിലപാടിന്റെ പേരിൽ വിശ്വാസികളോട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഖേദപ്രകടം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തള്ളിയതിനു പിന്നാലെ, യു.ഡി.എഫും ബി.ജെ.പിയും അത് ആയുധമാക്കുകയും വിഷയം എൻ.എസ്.എസ് ഏറ്റുപിടിക്കുകയും ചെയ്തതോടെ പ്രചാരണമാകെ ശബരിമലയിലേക്കു കേന്ദ്രീകരിക്കപ്പെടുമെന്നതാണ് സ്ഥിതി. പ്രചാരണവഴിയിൽ ഇടതു മുന്നണിക്കു മുന്നിൽ 'കരിമല'യായി ഉയരുന്നതും അതു തന്നെ.
ശബരിമല വിഷയമുയർത്തി ഇടതിനെ പ്രതിരോധത്തിലാക്കാൻ തിരഞ്ഞെടുപ്പു കാഹളത്തിനു മുമ്പുതന്നെ യു.ഡി.എഫ് ഉന്നമിട്ടെങ്കിലും, വിശ്വാസവുമായി ബന്ധപ്പെട്ട വൈകാരിക വിഷയമായതിനാൽ ആ കെണിയിൽ തലവച്ചു കൊടുക്കാതെ സൂക്ഷിച്ച് ചുവടുവച്ച സി.പി.എമ്മിനാണ് ഇപ്പോൾ മിണ്ടാതിരിക്കാൻ തരമില്ലെന്നായത്. മന്ത്രിയുടെ പശ്ചാത്താപം അനവസരത്തിലായെന്ന് പാർട്ടി നേതാക്കളിൽത്തന്നെ അഭിപ്രായം ശക്തമാകുന്നതിനിടെയായിരുന്നു, ഇരട്ടപ്രഹരം പോലെ യെച്ചൂരിയുടെ അപ്രതീക്ഷിത പ്രതികരണം. സർക്കാർ നിലപാട് ശരിയാണെന്നും കടകംപള്ളിയുടെ ഖേദപ്രകടനം എന്തിനായിരുന്നെന്ന് മനസ്സിലാകുന്നില്ലെന്നും യെച്ചൂരി പറഞ്ഞതോടെ വിശദീകരണത്തിന് സർക്കാരും സി.പി.എമ്മും നിർബന്ധിതമാവുകയും ചെയ്തു.
യുവതീപ്രവേശന വിധി നടപ്പാക്കാൻ ശക്തമായി നിലകൊണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കൈകഴുകിയത്, അന്തിമവിധി എല്ലാവരുമായും ആലോചിച്ചു മാത്രമേ നടപ്പാക്കൂ എന്നു പറഞ്ഞാണ്. അതോടെ, പാർട്ടിയുടെ ചുവടുമാറ്റം അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി. അതിനിടെ ചർച്ച ഒന്നുകൂടി കൊഴുപ്പിച്ച്, സി.പി.എം നിലപാടിലെ മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കാനാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തിരിച്ചടിച്ചത് പാർട്ടിയെ ഒന്നുകൂടി പ്രതിരോധത്തിലാക്കി.
എങ്ങനെയും തുടർഭരണം ഉറപ്പാക്കാൻ തീവ്രശ്രമം നടത്തുന്ന ഇടതു നേതൃത്വം അതിനു തടസ്സമാകുന്നതൊന്നും ചർച്ചയാക്കാൻ ആഗ്രഹിക്കുന്നില്ല. ഇതു തിരിച്ചറിഞ്ഞുതന്നെ, സംസ്ഥാനത്താകെ ശബരിമല വിഷയമുയർത്തി വിശ്വാസികളെ ഇളക്കാനുള്ള തീവ്രശ്രമത്തിലാണ് യു.ഡി.എഫും ബി.ജെ.പിയും. തൃപ്പൂണിത്തുറയിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ. ബാബുവിന് കെട്ടിവയ്ക്കാനുള്ള കാശു നൽകാൻ ശബരിമല മുൻ മേൽശാന്തി എത്തിയത് ഇതിനു സൂചനയാവുകയും ചെയ്തു.
എല്ലാവരുമായും ചർച്ച: മുഖ്യമന്ത്രി
ശബരിമല വിഷയത്തിൽ നേരത്തേ ഒരു നിലപാടെടുത്ത സുപ്രീം കോടതി പിന്നീടതിൽ ചില ഇളവുകൾ വരുത്തി. വിശ്വാസികളിൽ പ്രത്യേക അഭിപ്രായങ്ങൾ സൃഷ്ടിക്കുന്നതാണ് അന്തിമ വിധിയെങ്കിൽ എല്ലാവരുമായി ചർച്ച ചെയ്‌തേ തുടർനടപടി സ്വീകരിക്കൂ. തിരഞ്ഞെടുപ്പ് വന്നപ്പോൾ ശബരിമലയിൽ പലർക്കും താത്പര്യം വന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ്.
(മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ)
അതിന് സർക്കാരല്ല ഉത്തരവാദി: കാനം
സുപ്രീംകോടതിയിൽ കേസു കൊടുത്തത് എൻ.എസ്.എസ് ആണ്. അതു തോറ്റതിന് സർക്കാരാണ് കുഴപ്പക്കാരെന്നു പറയുന്നതിൽ അർത്ഥമില്ല. പ്രശ്നം ഇപ്പോഴുള്ളത് ചിലരുടെ മനസ്സിലാണ്. പൊലീസ് സംരക്ഷണത്തോടെ യുവതികളെ ശബരിമലയിൽ കൊണ്ടുപോയത് ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശ സംരക്ഷണത്തിനാണ്.
(തിരുവനന്തപുരത്ത് പറഞ്ഞത്)
പാഴ്ശ്രമം മാത്രം: എൻ.എസ്.എസ്
കാനത്തിന്റേത് സർക്കാരിനെ രക്ഷിക്കാനുള്ള പാഴ്ശ്രമമാണ്. വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത് എല്ലാവരുമായും ആലോചിച്ചു മാത്രമേ നടപ്പാക്കൂ എന്നാണ്. അവരുടെ ജനറൽ സെക്രട്ടറിയുടെ പ്രസ്താവന ഇതിനു വിരുദ്ധമല്ലേ? ഇത് വിശ്വാസികളെ വിഡ്ഢികളാക്കാനാണ്
(ജി. സുകുമാരൻ നായർ കോട്ടയത്ത് പറഞ്ഞത്)
ഇടത് ഇരട്ടത്താപ്പ്: കെ. സുരേന്ദ്രൻ
ആചാരാനുഷ്ഠാനങ്ങൾ തകർക്കാൻ മനീതി സംഘത്തെയും അവിശ്വാസികളെയും ശബരിമലയിലെത്തിച്ചത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ്. ആ പാപക്കറയിൽ നിന്ന് പിണറായിക്കോ കടകംപള്ളിക്കോ മോചനമില്ല. ശബരിമല വിഷയത്തിൽ സി.പി.എമ്മിന്റേത് ഇരട്ടത്താപ്പാണ്.
(കാസർകോട്ട് വാർത്താസമ്മേളനത്തിൽ)
മാപ്പ് പറയണം: ചെന്നിത്തല
കൂടിയാലോചിച്ചേ തീരുമാനമെടുക്കൂ എന്ന് ഇപ്പോൾ പറയുന്ന മുഖ്യമന്ത്രി നേരത്തേ ഇക്കാര്യത്തിൽ ശബരിമലയെ സംഘർഷ ഭൂമിയാക്കിയതിനും യുവതികളെ പ്രവേശിപ്പിച്ചതിനും പരസ്യമായി മാപ്പു പറയണം.
ഖജനാവ് ധൂർത്തടിച്ച് അന്ന് വനിതാമതിൽ കെട്ടിയതും തെറ്റായിപ്പോയെന്ന് തുറന്നു പറയണം.
(തിരുവനന്തപുരത്ത് പറഞ്ഞത്)