kpcc

തിരുവനന്തപുരം: ഭരണസിരാകേന്ദ്രം ഉൾപ്പെടുന്ന തലസ്ഥാന ജില്ലയിലെ കാറ്റിന്റെ ഗതി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നിർണായകമാണ്. നാല് തെക്കൻ ജില്ലകളിലെ വിധിയെഴുത്ത്, കേരളം ആര് ഭരിക്കുമെന്നതിലേക്കുള്ള ദിശാസൂചകമാകാറാണ് പതിവ്. പ്രത്യേകിച്ചും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾ. യു.ഡി.എഫ്, എൽ.ഡി.എഫ് എന്നീ രണ്ട് ശക്തികൾ മാത്രം പ്രസക്തമായിരുന്ന കാലം കടന്നുപോയതോടെ തലസ്ഥാന ജില്ല കൂടുതൽ പ്രവചനാതീതമായി.

ഇത്തവണ നേമം,പാറശാല,കഴക്കൂട്ടം, വട്ടിയൂർക്കാവ്,കാട്ടാക്കട,തിരുവനന്തപുരം വർക്കല എന്നീ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരം പ്രകടമാണ്. മറ്റു 7 മണ്ഡലങ്ങളിലും കടുത്ത മത്സരമുണ്ട്. നേമത്ത് ആര് മൂന്നാമതെത്തും എന്ന നിലയിലാണ് ഇപ്പോൾ ചർച്ച പുരോഗമിക്കുന്നത്.

ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ ഇവിടെ പല പോക്കറ്റുകളിലും മൂന്നാം ശക്തിയായി. 2009ലെ മണ്ഡല പുനർവിഭജനവും ജില്ലയിലെ മണ്ഡലങ്ങളുടെ പതിവ് രീതിയെ മാറ്റിമറിച്ചു. ആ പുനർവിഭജനത്തിന് ശേഷമുണ്ടായ ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു 2011ൽ. അന്ന് കേരളം അധികാരത്തിലേറ്റിയത് യു.ഡി.എഫിനെ. അന്നത്തെ തലസ്ഥാന ജില്ലയിലെ കക്ഷിനിലയുടെ സ്വഭാവമായിരുന്നു, കേരളത്തിന്റെയാകെ കക്ഷിനിലയ്ക്കും! 72 68 എന്ന ഫോട്ടോഫിനിഷിൽ അവസാനിച്ച പോരാട്ടത്തിൽ തലനാരിഴയ്ക്ക് യു.ഡി.എഫ് അധികാരം തിരിച്ചുപിടിച്ചു. തലസ്ഥാന ജില്ലയ്ക്കും അതേ വീറും വാശിയുമായിരുന്നു. ജില്ലയിലെ 14 മണ്ഡലങ്ങളിൽ എട്ടിടത്ത് യു.ഡി.എഫും ആറിടത്ത് എൽ.ഡി.എഫും എന്നതായി സ്ഥിതി. കൃത്യം ഒരു വർഷത്തിന് ശേഷം നെയ്യാറ്റിൻകരയിൽ സി.പി.എമ്മിനെ ഞെട്ടിച്ച കാലുമാറ്റമുണ്ടായി. ആർ.സെൽവരാജ് എന്ന സി.പി.എം എം.എൽ.എ കൂറുമാറി കോൺഗ്രസുകാരനായി. എം.എൽ.എ സ്ഥാനം രാജിവച്ചു. ഉപതിരഞ്ഞെടുപ്പിൽ സെൽവരാജ് കോൺഗ്രസുകാരനായി മത്സരിച്ച് ജയിച്ചു. അങ്ങനെ എൽ.ഡി.എഫ് അഞ്ചിടത്തേക്ക് ചുരുങ്ങി. യു.ഡി.എഫ് ഒമ്പതിലേക്കുയർന്നു.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മെല്ലെ കരുത്ത് കാട്ടിത്തുടങ്ങി. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട മിക്ക നിയോജകമണ്ഡലങ്ങളിലും ബി.ജെ.പി വോട്ട് ഉയർത്തി. കഷ്ടിച്ചാണ് അന്ന് കോൺഗ്രസിലെ ശശി തരൂർ കടന്നുകയറിയത്. വടക്കൻ നിയോജക മണ്ഡലങ്ങളുൾപ്പെട്ട ആറ്റിങ്ങലിൽ കാറ്റ് അപ്പോഴും ഇടത്തോട്ട് തന്നെയായിരുന്നു.

2015ലെ തലസ്ഥാന കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കറുത്ത കുതിരകളായി. കഷ്ടിച്ച് കേവലഭൂരിപക്ഷമുണ്ടാക്കി ഭരണം നിലനിറുത്താനേ, കാൽനൂറ്റാണ്ടായി തലസ്ഥാനനഗരം വാഴുന്ന ഇടതുമുന്നണിക്ക് സാധിച്ചുള്ളൂ. യു.ഡി.എഫിന്റെ മുഖ്യ പ്രതിപക്ഷസ്ഥാനം നഷ്ടമായി. ആ സ്ഥാനത്തേക്ക് ബി.ജെ.പി കയറിച്ചെന്നു. 35 സീറ്റിൽ ബി.ജെ.പിയും 21 ഇടത്ത് യു.ഡി.എഫും.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പായപ്പോൾ ബി.ജെ.പി ബി.ഡി.ജെ.എസ് സഖ്യം നിർണായകശക്തിയായി. പല മണ്ഡലങ്ങളിലെയും ഫലം മാറ്റിമറിച്ചത് ഈ സഖ്യം പിടിച്ച വോട്ടുകളായിരുന്നു. സംസ്ഥാനത്ത് ആഞ്ഞുവീശിയ ഇടതുതരംഗത്തിൽ തലസ്ഥാനജില്ലയിലെ ഒമ്പത് മണ്ഡലങ്ങൾ ഇടതിനോട് ചേർന്നു. നാലിടത്തേക്ക് യു.ഡി.എഫ് ചുരുങ്ങിയപ്പോൾ, കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി താമര വിരിഞ്ഞു. നേമത്ത് ബി.ജെ.പിയിലെ ഒ. രാജഗോപാൽ 8671 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി.എമ്മിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളി വിജയിച്ചത്. യു.ഡി.എഫിലെ ജനതാദൾയു കെട്ടിവച്ച കാശ് നഷ്ടപ്പെട്ട് നാണം കെട്ടു.

രാജഗോപാലിന്റേത് തലസ്ഥാന ജില്ലയിലെ അപ്പോഴത്തെ ഏഴാമത്തെ വലിയ ഭൂരിപക്ഷമായിരുന്നു. അന്നേറ്റവുമധികം ഭൂരിപക്ഷം ആറ്റിങ്ങൽ സംവരണ മണ്ഡലത്തിൽ നിന്ന് വിജയിച്ച സി.പി.എമ്മിലെ ബി. സത്യനാണ്. 40,383 വോട്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പക്ഷേ കാറ്റ് മാറിവീശി. രാഹുൽ തരംഗവും ശബരിമല വികാരവും ജ്വലിച്ചുനിന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നിലംപരിശായി. ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിൽ അരുവിക്കരയിൽ മാത്രമാണ് സി.പി.എമ്മിന് മുന്നിലെത്താനായത്. അതും ആയിരത്തിൽ താഴെ ഭൂരിപക്ഷത്തിന്.

ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടേത് തിളക്കമാർന്ന വിജയമായി. കോൺഗ്രസിലെ ശശി തരൂർ തിരുവനന്തപുരം മണ്ഡലത്തിൽപ്പെട്ട ഏഴ് അസംബ്ലി നിയോജകമണ്ഡലങ്ങളിൽ ആറിടത്തും വെന്നിക്കൊടി പാറിച്ചു. പക്ഷേ, രാജഗോപാലിനെ നിയമസഭയിലേക്കയച്ച നേമം അക്കുറിയും ബി.ജെ.പിക്കൊപ്പം നിന്നു. പന്ത്രണ്ടായിരത്തിൽപ്പരം വോട്ടിന്.

തൊട്ടുപിന്നാലെ വട്ടിയൂർക്കാവിലേക്ക് ഉപതിരഞ്ഞെടുപ്പ് വന്നു. കോൺഗ്രസിനെ തകർത്തെറിഞ്ഞ് അദ്ഭുതം കാട്ടിയത് സി.പി.എമ്മിലെ വി.കെ. പ്രശാന്ത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പായപ്പോൾ ഇടതുതേരോട്ടം തന്നെയായിരുന്നു. കോർപ്പറേഷനിലെ 100 വാർഡുകളിൽ 51 വാർഡുകൾ നേടി കേവലഭൂരിപക്ഷമുറപ്പിച്ചപ്പോൾ ബി.ജെ.പി 34ൽ നിന്നു. യു.ഡി.എഫാകട്ടെ 21ൽ നിന്ന് പത്തിലേക്ക് ദയനീയമായി താഴ്ന്നു.