
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ വോട്ടർമാർ ബി ജെ പി സ്ഥാനാർത്ഥി ഇ ശ്രീധരന്റെ കാലു തൊട്ടുവണങ്ങുന്ന ചിത്രങ്ങൾ പ്രചരിക്കുന്നു. മാലയിട്ട് സ്വീകരിക്കുന്ന ഇ ശ്രീധരനെ മുട്ടുകുത്തി വണങ്ങിയാണ് ഒരു വോട്ടർ സ്വീകരിച്ചത്. ഒരാൾ ഇദ്ദേഹത്തിന്റെ കാലു കഴുകിയാണ് സ്വീകരിച്ചത്. സ്ത്രീകൾ ഉൾപ്പടെയുളളവർ ഇ ശ്രീധരനെ കാൽ തൊട്ടു വണങ്ങുന്നത് ചിത്രങ്ങളിൽ കാണാം.

ഫോട്ടോകൾക്കെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. പ്രാചീനകാലത്തെ സാംസ്‌കാരിക മൂല്യങ്ങളാണ് ഇതെന്നും ജാതീയതയും സവർണമനോഭാവവുമാണ് സ്ഥാനാർത്ഥിയെ കാൽതൊട്ട് വണങ്ങുന്ന ചിത്രങ്ങളിൽ പ്രതിഫലിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്.

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ഇ ശ്രീധരൻ മണ്ഡലത്തിൽ ഉടനീളം സജീവമാണ്. പാലക്കാട് നഗരത്തെ രണ്ടു വർഷത്തിനുളളിൽ കേരളത്തിലെ ഏറ്റവും മികച്ച നഗരമാക്കുമെന്നുമാണ് ഇ ശ്രീധരന്റെ വാഗ്ദ്ധാനം.