
ചിറയിൻകീഴ്: വാമനപുരം നദിയിലേക്ക് കാർ മറിഞ്ഞ് രണ്ടു പേർ മരണപ്പെട്ടു. ചിറയിൻകീഴ് സ്വദേശികളായ പണ്ടകശാല കൊച്ചുവയലിൽ വീട്ടിൽ ജ്യോതി ദത്ത് (51), ആൽത്തറമൂട്ടിൽ താഴേ വീട്ടിൽ തങ്കപ്പൻ ചെട്ടിയാരുടെയും ഷീലയുടെയും മകൻ മധു (51) എന്നിവരാണ് മരണപ്പെട്ടത്.
ചിറയിൻകീഴ് പുളിമൂട്ടിൽ കടവ് കരുന്താക്കടവ് റോഡിൽ രാവിലെ 6 മണിയോടെയായിരുന്നു സംഭവം. പുഴയുടെ സമീപമുള്ള റോഡ് ഇടിഞ്ഞതാണ് അപകടത്തിന് കാരണം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ ഗ്ലാസ്സ് പൊട്ടിച്ച ശേഷം കാർ വടത്തിൽ കെട്ടി ഒഴുക്കിൽപ്പെടാതെ നിർത്തിയ ശേഷം ഇരുവരെയും ഉടൻ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
ശാർക്കര ക്ഷേത്രത്തിൽ മീനഭരണി ഉത്സവ പരിപാടികളിലും വിളക്കിലും പങ്കെടുത്ത ശേഷം തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് സുഹൃത്തുക്കളായ ഇരുവർക്കും അപകടം സംഭവിച്ചത്. അപകട കാരണം വ്യക്തമല്ല. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതോ അമിത വേഗത്തിൽ നിയന്ത്രണം വിട്ടതോ ആകാമെന്നാണ് കരുതുന്നത്. അപകടസ്ഥലത്ത് റോഡിൽ ചെറിയ വളവുണ്ട്. ഇവിടെ തിരിയുന്നതിനിടെ അപകടമുണ്ടായതാകാനും സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
പൊലീസെത്തി മൃതദേഹങ്ങൾ ചിറയിൻകീഴ് ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൺസ്ട്രക്ഷൻ ഫീൽഡിൽ ജോലി ചെയ്യുന്ന മധുവാണ് കാർ ഓടിച്ചിരുന്നത്. ആറ്റിങ്ങൽ ഫയർ അസി. സ്റ്റേഷൻ ഓഫീസർ ബിജുവിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സെത്തി നാട്ടുകാരുടെ സഹായത്തോടെ കാർ കരയ്ക്കെടുത്തു. അപകടകാരണം മനസിലാക്കാൻ പ്രദേശത്തെ സി.സി ടിവി കാമറകളുടെ ദ്യശ്യങ്ങൾ പൊലീസ് തിരയുന്നുണ്ട്. 
ജ്യോതിദത്ത് തറവാട് ഏജൻസിയിലെ സെയിൽസ് വിഭാഗം ജീവനക്കാരനാണ്. ലതികയാണ്  ഭാര്യ. മക്കൾ കൃത്യ, അമ്മു. ചിറയിൻകീഴ് പൊലീസ് കേസെടുത്തു.