
തിരഞ്ഞെടുപ്പ് രംഗത്ത് പ്രതിയോഗികൾ തമ്മിലുള്ള വാദപ്രതിവാദങ്ങൾ സാധാരണമാണ്. ആരോപണശരങ്ങൾകൊണ്ട് പരസ്‌പരം കൊമ്പുകോർക്കുന്നതും രാഷ്‌ട്രീയത്തിൽ പുതുമയല്ല. എന്നാൽ ചില അവസരങ്ങളിൽ അത് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീളാറുണ്ട്. 2016ൽ പത്തനാപുരത്തെ സ്ഥാനാർത്ഥികൾ തമ്മിലായിരുന്നു ഈ വടംവലി. സിനിമാതാരങ്ങളായ ഗണേഷ് കുമാറും ജഗദീഷുമായിരുന്നു എതിരാളികൾ.
ജഗദീഷായിരുന്നു ആദ്യം പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് തനിക്കെതിരെ മത്സരിച്ച ഏറ്റവും നീചനായ സ്ഥാനാർത്ഥിയെന്ന് ഗണേഷ് കുമാർ ജഗദീഷിനെതിരെ തിരിച്ചടിച്ചു. എന്നാൽ അഞ്ചുവർഷങ്ങൾക്കിപ്പുറം മറ്റൊരു തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ നീചനായ സ്ഥാനാർത്ഥി പ്രിയ സുഹൃത്തായി മാറിയിരിക്കുകയാണ് ഗണേഷിന്.
'ജഗദീഷാണ് 'അമ്മ'യുടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നോമിനേഷന് എന്നെ പിന്തുണച്ചത്. ഞങ്ങളുടെ ബന്ധത്തിന് ഒരു കുഴപ്പവുമില്ല. അദ്ദേഹവും കുടുംബവുമായിട്ടും എനിക്ക് വളരെ സ്നേഹമാണ്'- ഗണേഷ് പ്രതികരിച്ചു.