
ന്യൂഡൽഹി: ഒരു ഇടവേളയ്‌ക്ക് ശേഷം രാജ്യത്ത് കൊവിഡ് നിരക്ക് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,726 പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന രോഗബാധിതരുടെ എണ്ണം ഈ വർഷം ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ ദിവസമാണിന്ന്. ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,15,14,331 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
തുടർച്ചയായി ഒൻപതാം ദിവസവും ആക്‌ടീവ് കേസ് ലോഡ് ഉയർന്ന് 2,71,282 ആയി. ആകെ രോഗവ്യാപനത്തിന്റെ 2.36 ശതമാനമാണിത്. രാജ്യത്ത് കൊവിഡ് മുക്തിനിരക്ക് 96.26ആയി ഇടിഞ്ഞു. 154 പേരാണ് കൊവിഡ് മൂലം 24 മണിക്കൂറിനിടെ മരണമടഞ്ഞത്. ഇതോടെ ആകെ മരണനിരക്ക് 1,59,370 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 1,10,83,679 ആണ്.
രാജ്യത്ത് കൊവിഡ് നിരക്ക് 20 ലക്ഷം കടന്നത് ആഗസ്‌റ്റ് ഏഴിനാണ്. 40ലക്ഷം കടന്നത് സെപ്‌തംബർ അഞ്ചിനും 50 ലക്ഷം കടന്നത് സെപ്‌തംബർ 16നാണ്. ഒരു കോടി കടന്നത് ഡിസംബർ 19നായിരുന്നു. ഇതിനുശേഷം കുറഞ്ഞ കൊവിഡ് നിരക്കിൽ ഇപ്പോൾ ഉയർച്ച ഉണ്ടായിരിക്കുകയാണ്. വ്യാഴാഴ്‌ച രാജ്യമാകെ 10,57,383 സാമ്പിളുകൾ പരിശോധിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ പരിശോധിച്ച സാമ്പിളുകൾ 23,13,70,546 ആയി.