pc-chacko

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിൽ എൽ‌ഡി‌എഫിന്റെ ഒരുസീ‌റ്റ് പി.സി ചാക്കോയ്‌ക്ക് നൽകുമെന്ന അഭ്യൂഹം തള‌ളി സി‌പി‌എം. സീ‌റ്റ് വിഷയത്തിൽ എൽ‌ഡി‌എഫിൽ സമവായത്തിലെത്താനും രണ്ട് സീ‌റ്റും സിപിഎം തന്നെയെടുക്കാനുമാണ് ശ്രമം. കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേർന്ന പി.സി ചാക്കോയ്‌ക്ക് വേണ്ടി എൻ.സി.പി രാജ്യസഭാ സീ‌റ്റ് ചോദിക്കും എന്ന് കഴിഞ്ഞ ദിവസങ്ങളിൽ വന്ന വാർത്തകളാണ് സിപിഎം തള‌ളിക്കളഞ്ഞത്.

നിലവിലുള‌ള നിയമസഭയിലെ ഭൂരിപക്ഷമനുസരിച്ച് എൽഡിഎഫിന് രണ്ടും യുഡിഎഫിന് ഒന്നും സീ‌റ്റുകളാണ് ലഭിക്കുക. കാലാവധി അവസാനിക്കുന്ന ലീഗ് അംഗം പി.വി അബ്‌ദുൾ വഹാബിനെ തന്നെയാകും യുഡിഎഫ് മത്സരിപ്പിക്കുക. എൽഡിഎഫിനായി ചെറിയാൻ ഫിലിപ്പ്,​ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിപിഎം അംഗം വിജു കൃഷ്‌ണൻനിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത മന്ത്രിമാരായ തോമസ് ഐസക്ക്,​ എ.കെ ബാലൻ,​ എന്നിവരെ പരിഗണിക്കുമെന്നാണ് കേൾക്കുന്നത്.

മുൻപ് രാജ്യസഭാ സീ‌റ്റിൽ ഒഴിവു വന്നപ്പോഴും ചെറിയാൻ ഫിലിപ്പിനെയായിരുന്നു പരിഗണിച്ചത്. എന്നാൽ അവസാന നിമിഷം സിപിഎം കേന്ദ്രനേതൃത്വം ഇടപെട്ട് എളമരം കരീമിനെ രാജ്യസഭയിലേക്കയച്ചു. സ്ഥാനാർത്ഥി നിർണയത്തിലെ ധാരണ വരും ദിവസങ്ങളിലേ വ്യക്തമാകുകയുള‌ളു.