
കൊച്ചി: വാളയാർ കേസ് അന്വേഷണം ഉടൻ സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. അന്വേഷണത്തിന് സർക്കാർ എല്ലാ സഹായവും നൽകണമെന്നും കോടതി വ്യക്തമാക്കി. കേസ് സിബിഐയ്‌ക്ക് വിട്ടുകൊണ്ട് മുൻപുതന്നെ സർക്കാർ വിജ്ഞാപനം വന്നിരുന്നു. എന്നാൽ ഇതിലെ ചില കാര്യങ്ങളിൽ അവ്യക്തത കാരണം സിബിഐ ഇതുവരെ കേസ് ഏറ്റെടുത്തില്ല.
അവ്യക്തതകൾ പരിഹരിക്കണമെന്നും അടിയന്തരമായി കേസ് ഏറ്റെടുത്ത് അന്വേഷിക്കണമെന്നും കേസ് പരിഗണിച്ച ജസ്‌റ്റിസ് വി.ജി അരുൺ ആവശ്യപ്പെട്ടു. കേസന്വേഷിച്ച പൊലീസിന് നിരവധി വീഴ്‌ചകൾ സംഭവിച്ചു. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം ഉചിതമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം ചില ഫയലുകൾ കഴിഞ്ഞ ദിവസമാണ് ലഭിച്ചതെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരിനോട് മതിയായ എല്ലാ രേഖയും പത്ത് ദിവസത്തിനകം നൽകാൻ ജസ്‌റ്റിസ് വി.ജി അരുൺ നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവിലെ അപാകതകൾ ചൂണ്ടിക്കാട്ടി കുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് കോടതി വിധി പ്രസ്‌താവിച്ചത്.