
വിചിത്രമായൊരു നിധി ശേഖരത്തെ അടുത്തറിഞ്ഞാലോ? കെട്ടുകഥകളെ വെല്ലുന്ന തരത്തിലാണ് ഒളിച്ചുവച്ച നിലയിൽ ബ്രിട്ടണിലെ ഏറ്റവും വലിയ നിധി ശേഖരം കണ്ടെത്താൻ കഴിഞ്ഞത്. ഒരു പിയാനോയുടെ ഉള്ളിൽ നിന്നാണ് വിലമതിക്കാനാവാത്ത നിധി ശേഖരം കണ്ടെടുത്തത്. സംഭവം 2016ലാണ്.
ഷ്രോപ്ഷയിലെ ബിഷപ്സ് കാസിൽ കമ്മ്യൂണിറ്റി കോളേജിൽ ഒരു പിയാനോ സമ്മാനമായി ലഭിച്ചു. ലണ്ടനിലെ പ്രശസ്ത പിയാനോ നിർമ്മാണ കമ്പനിയായ ജോൺ ബ്രോഡ്വുഡ് ആൻഡ് കമ്പനി നിർമ്മിച്ച വളരെ പഴക്കമുള്ളൊരു പിയാനോയാണത്. 1906ൽ എസ്സെക്സിലുള്ള രണ്ട് സംഗീത അദ്ധ്യാപകർക്കാണ് ആദ്യം ആ പിയാനോ വിറ്റത്.
1983ൽ ഹെമ്മിംഗ് കുടുംബം അത് സ്വന്തമാക്കി. വൈകാതെ അവർ ഷ്രോപ്ഷയിലേക്കു താമസം മാറ്റി. 33 വർഷത്തോളം അവർ പിയാനോ ഭദ്രമായി സൂക്ഷിച്ചു. 2016ൽ ഹെമ്മിംഗ് കുടുംബത്തിലെ ദമ്പതികളായ ഗ്രഹാമും മെഗും കുട്ടികളെ സംഗീതം പഠിപ്പിക്കാനായി പിയാനോ കാസിൽ കമ്യൂണിറ്റി കോളേജിനു കൈമാറാൻ തീരുമാനിച്ചു. കോളേജിലെ പിയാനോ ട്യൂണറായ അറുപത്തിയൊന്നുകാരൻ മാർട്ടിൻ ബാക്ക്ഹൗസിനായിരുന്നു പിയാനോയുടെ ചുമതല. എന്നാൽ, ഒരു ദിവസം അതിന്റെ കീബോർഡ് പരിശോധിക്കുമ്പോൾ ചില കട്ടകൾ പ്രവർത്തിക്കുന്നില്ലെന്നു മനസ്സിലാക്കിയ മാർട്ടിൻ അതോടെ പിയാനോ അഴിച്ചു പരിശോധിക്കാൻ തീരുമാനിച്ചു. അതൊരു ക്രിസ്മസ് കാലമായിരുന്നു.
കീബോർഡ് പൊളിച്ചു നോക്കുമ്പോൾ മാർട്ടിൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല വിലമതിക്കാൻ കഴിയാത്തൊരു സമ്മാനം പിയാനോയ്ക്കുള്ളിലുണ്ടെന്ന്. കീബോർഡിനു താഴെയുള്ള ഏതാനും ചെറു സഞ്ചികളാണ് ആദ്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. പ്രാണികളെ അകറ്റാൻ വേണ്ടി എന്തെങ്കിലും മരുന്നുവച്ച സഞ്ചിയാണിതെന്നാണ് ആദ്യം കരുതിയത്. പക്ഷേ എടുത്തുനോക്കിയപ്പോൾ നാണയം പോലെ എന്തോ കിലുങ്ങുന്നു! സഞ്ചി തുറന്നു നോക്കിയപ്പോൾ അതിൽ നിറയെ സ്വർണനാണയങ്ങളായിരുന്നു. ആകെ ഏഴ് തുണിസഞ്ചികളും ഒരു തുകൽ പേഴ്സുമായിരുന്നു ഉണ്ടായിരുന്നത്. ആകെ 913 സ്വർണനാണയങ്ങളും അർദ്ധസ്വർണനാണയങ്ങളും. ഭൂരിപക്ഷം നാണയങ്ങളും തങ്കത്തിൽ നിർമ്മിച്ചതായിരുന്നു. ബ്രിട്ടിഷ് മ്യൂസിയം അധികൃതർ നടത്തിയ പരിശോധനയിൽ ഈ സ്വർണ നാണയങ്ങൾ 1847 മുതൽ 1915 വരെയുള്ള കാലഘട്ടത്തിൽ നിർമ്മിച്ചതാണെന്ന് കണ്ടെത്തി. വിക്ടോറിയ രാജ്ഞി, എഡ്വേർഡ് ഏഴാമൻ, ജോർജ് അഞ്ചാമൻ രാജാക്കന്മാരുടെ കാലത്തെ നാണയങ്ങളായിരുന്നു അവ. ആറു കിലോഗ്രാമിലേറെ ഭാരമുണ്ടായിരുന്നു ഈ സ്വർണ നാണയങ്ങൾക്ക്. 1926നും 1946നും ഇടയിലാണ് അവ പിയാനോയിൽ ഒളിപ്പിച്ചതെന്ന സൂചനയും സഞ്ചികളിലുണ്ടായിരുന്നു. എന്നാൽ, ഇത്രയേറെ സ്വർണം ആരാണ് പിയാനോയിൽ ഒളിപ്പിച്ചതെന്നു മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല. പിയാനോയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ, ഇവരുടെ വാദങ്ങൾ വ്യാജമാണെന്നു തെളിഞ്ഞു.
2017ൽ കോടതി സ്വർണശേഖരം 'നിധി'യായി പ്രഖ്യാപിച്ച് സർക്കാരിന്റെ ഉടമസ്ഥതയിലേക്കു കണ്ടുകെട്ടി. 1996ൽ നിലവിൽ വന്ന നിയമപ്രകാരം അവകാശികളില്ലെങ്കിൽ അത്തരം നിധികൾ സർക്കാരിനു സ്വന്തമാണ്. പിന്നീട് ബ്രിട്ടീഷ് മ്യൂസിയത്തിലെ നിധി മൂല്യനിർണയ സമിതി അതിനൊരു വിലയിട്ട ശേഷം സ്വന്തമായി അതേറ്റെടുക്കുകയോ ഏതെങ്കിലും മ്യൂസിയങ്ങൾക്കു വിൽക്കുകയോ ചെയ്യും. കിട്ടുന്ന തുകയുടെ ഒരു വിഹിതം നിധി കണ്ടെത്തിയ മാർട്ടിനും പിയാനോയുടെ ഉടമസ്ഥാവകാശമുള്ള കാസിൽ കമ്മ്യൂണിറ്റി കോളജിനും ലഭിക്കും.