
സാറ്റ് ലൈറ്റ് റൈറ്റിൽ കുതിച്ചു ഉയരുന്നു മഞ്ജു വാര്യരുടെ താരമൂല്യം
മലയാളത്തിലെ എല്ലാ നായികമാരെയും പിന്നിലാക്കി സാറ്റലൈറ്റ് റേറ്റിൽ മുൻപന്തിയിൽ മഞ്ജു വാര്യർ.ഒരു ഡസൻ സിനിമകളാണ് മഞ്ജു വാര്യരുടേതായി പുറത്തുവരാനുള്ളത്.ഈ സിനികളുടെ എല്ലാം സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയി എന്നാണ് ലഭിക്കുന്ന വിവരം.ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന അമേരിക്കി പണ്ഡിറ്ര് എന്ന ചിത്രത്തിന്റെ ഭോപ്പാലിലെ ലൊക്കേഷനിലാണ് താരം ഇപ്പോൾ. മാധവനാണ് മഞ്ജു വാര്യരുടെ നായകൻ. നവാഗതനായ കൽപേഷ് സംവിധാനം ചെയ്യുന്ന അമേരിക്കി പണ്ഡിറ്റ് പൂർത്തിയായശേഷം സൗബിൻ ഷാഹിറിനൊപ്പം അഭിനയിക്കുന്ന വെള്ളിരക്കാപ്പട്ടണത്തിൽ അഭിനയിക്കും. പുതുവർഷത്തിൽ മഞ്ജു വാര്യരുടെ ആദ്യ റിലീസ് മമ്മൂട്ടിയോടൊപ്പം ആദ്യമായി അഭിനയിച്ച ദി പ്രീസ്റ്റാണ്. മികച്ച പ്രകടനമാണ് ചിത്രത്തിൽ മഞ്ജു വാര്യർ കാഴ്ചവച്ചത്.
മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുക എന്ന നീണ്ട ആഗ്രഹം രണ്ടാം വരവിലാണ് സഫലമായത്. തിയേറ്ററിൽ മികച്ച അഭിപ്രായവും കളക്ഷനും നേടി ദി പ്രീസ്റ്റ് മുന്നേറുന്നു. ക്യാപ്ടൻ, വെള്ളം എന്നീ ചിത്രങ്ങൾക്കുശേഷം ജി. പ്രജേഷ് സെൻ രചനയും സംവിധാനവും നിർവഹിച്ച മേരീ ആവാസ് സുനോ പൂർത്തിയാക്കിശേഷമാണ് മഞ്ജു വാര്യർ ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ പോയത്.ചതുർമുഖമാണ് മലയാളത്തിൽ മഞ്ജു വാര്യരുടെ അടുത്ത റീലീസ്. ആദ്യമായി ഹൊറർ ചിത്രത്തിൽ അഭിനയിക്കുന്നു എന്നതാണ് ചതുർമുഖത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.അടുത്ത മാസം ചതുർമുഖം റിലീസ് ചെയ്യും.
സണ്ണി വയ്ൻ നിർമ്മിച്ച് നിവിൻപോളി നായകനാകുന്ന പടവെട്ട് പോയ വർഷം മഞ്ജു വാര്യർ പൂർത്തിയാക്കിയിരുന്നു.മോഹൻലാൽ - പ്രിയർദശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹമാണ് മറ്റൊരു ചിത്രം. ഈ സിനിമയിൽ മഞ്ജുവിന് അതിഥി വേഷമാണ്. മഞ്ജു വാര്യർ എന്ന അഭിനേത്രിയുടെ ജീവിതത്തിലെ മറ്റൊരു സവിശേഷത ചലച്ചിത്ര നിർമാണ രംഗത്തേക്കുള്ള പ്രവേശമാണ് . സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന കയറ്റം സിനിമ മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ആദ്യ ചുവടുവയ ്പാണ്. സഹോദരൻ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ലളിതം സുന്ദരത്തിൽ അഭിനയിക്കുമ്പോഴായിരുന്നു ലോക് ഡൗൺ.
സെഞ്ച്വറി ഫിലിംസുമായി ചേർന്നാണ് മഞ്ജുവാര്യർ പ്രൊഡക്ഷൻസ് ലളിതം സുന്ദരം നിർമിക്കുന്നത്.
നിർമാതാവ് എന്ന നിലയിലും താരം തിളങ്ങുമെന്നാണ് പ്രതീക്ഷ.മഞ്ജുവിന്റെ മറ്റൊരു ചിത്രം സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജില്ലാണ്. ചിത്രത്തിലെ 'കിംകിം കിം" എന്ന പാട്ട് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും സൂപ്പർ ഹിറ്റായിരുന്നു. പാട്ടിന് പിന്നാലെ ചലഞ്ചായി വിഡിയോ കൂടി മഞ്ജു പങ്കുവച്ചതോടെ കഥയും കാഴ്ചയും മാറി. 'പാവാടയും ടീഷർട്ടും ധരിച്ച് പോണി ടെയിൽ സ്റ്റൈലിൽ മുടികെട്ടിവച്ചാണ് മഞ്ജു ചുവടുവച്ചത്.പാട്ടിന് മഞ്ജു ചുവടുവയ്ക്കുന്നതിനെ അനുകരിച്ച് നിരവധി പേരുടെ ചെറുവിഡിയോകൾ വന്നു.അത് മറ്റൊരു തരംഗം. ഒരു മഞ്ജുവാര്യർ സിനിമ തരുന്നതിന്റെ പതിന്മടങ്ങ് പ്രശസ്തി 'കിം കിം കിം" പാട്ട് സൃഷ്ടിച്ചു.കോവിഡ് കാലത്ത് തരംഗവും പ്രശസ്തിയും ഉയർത്തിയ ഏക മലയാള താരം മഞ്ജു വാര്യർ തന്നെയാണ്. കാമറയുടെ മുൻപിൽ വന്നല്ല ഈ വിജയത്തിളക്കം എന്നതാണ് മറ്റൊരു സവിശേഷത.