jackfruit-tree

ചില മരങ്ങളും ചെടികളും വീട്ടുവളപ്പിൽ നട്ടുവളർത്തിയാൽ കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും കുമിഞ്ഞുകൂടും. എന്നാൽ ചില മരങ്ങൾ നട്ടുപിടിപ്പിച്ചാൽ നേരേ തിരിച്ചായിരിക്കും ഫലം. വീട്ടുവളപ്പിൽ നടാൻ ഉത്തമമായ മരങ്ങൾ ഏതെന്ന് നോക്കാം.

നെല്ലി

വീട്ടുവളപ്പിൽ നെല്ലിമരമുണ്ടെങ്കിൽ ഐശ്യര്യം വരാൻ മറ്റൊന്നും വേണ്ട. വീടിന്റെ വടക്കുഭാഗത്താണ് നെല്ലി വയ്ക്കാൻ ഏറെ ഉത്തമം. ഈ ഭാഗത്ത് മഹാലക്ഷ്മീ സങ്കല്പത്തിൽ രണ്ടു നെല്ലി വയ്ക്കണമെന്നാണ് വിദഗ്ദ്ധമതം.

കണിക്കൊന്ന

ഐശ്വര്യവും സമ്പത്തും ഒപ്പം സൗന്ദര്യവും കൊണ്ടുവരുന്ന മരമാണ് കണിക്കൊന്ന. വീടിന്റെ വടക്കുകിഴക്കുമൂലയിൽ കണിക്കൊന്ന വയ്ക്കുന്നതാണ് ഏറെ ഉത്തമം. എങ്കിൽ സമ്പൽസമൃദ്ധി ഉണ്ടാവുമെന്ന് ഉറപ്പ്.

കൂവളം

ശിവപാർവതിമാർക്ക് ഏറ്റവും പ്രിയപ്പെട്ട ദൈവിക വൃക്ഷമായ കൂവളം വീടിന്റെ തെക്ക് ഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ നട്ടുപിടിപ്പിക്കാവുന്നതാണ്.

പ്ളാവ്, മാവ്, തെങ്ങ്, പുളി എന്നിവ ഐശ്വര്യത്തിനായി വീട്ടുപരിസരത്ത് നടാവുന്ന വൃക്ഷങ്ങളാണ്.കിഴക്കു ഭാഗത്ത് പ്ലാവും വടക്കു ഭാഗത്ത് മാവും പടിഞ്ഞാറ് ഭാഗത്ത് തെങ്ങും തെക്കുഭാഗത്ത് പുളിയുമാണ് നടേണ്ടത്. അത്തി,ഇത്തി,അരയാൽ ,പേരാൽ എന്നിവ വിപരീത സ്ഥാനങ്ങളിൽ നിൽക്കാൻ ഒരിക്കലും അനുവദിക്കയും അരുത്. ഇങ്ങനെ വന്നാൽ ദോഷങ്ങളുണ്ടാവും.

വീടിന് വാസ്തുദോഷമുണ്ടെങ്കിൽ പടിഞ്ഞാറ് ഭാഗത്ത് മഞ്ഞൾ നട്ടാൽ മാത്രം മതി. അതോടെ വാസ്തുദോഷങ്ങൾ കുറഞ്ഞുതുടങ്ങും. അഗ്നികോണിൽ (തെക്കുകിഴക്കേ മൂലയിൽ) മുള നടുന്നതും ഐശ്വര്യമുണ്ടാക്കും. അശോകം, വേപ്പ്, കൂവളം, ഇലഞ്ഞി, വഹ്നി, പുന്ന, നെന്മേനി വാക, ദേവദാരു, പ്ലാശ്, ചന്ദനം, ചെമ്പകം എന്നിവയും മംഗളദായകമായ വൃക്ഷങ്ങളാണ്. വീടിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ (കന്നിമൂലയിൽ) കറുക വളർത്താവുന്നതാണ്. വീടിനുചുറ്റും തുളസി, കമുക്, വാഴ,മുല്ല എന്നിവയും നടാവുന്നതാണ്. കിഴക്ക് ഭാഗത്ത് തുളസിയോടൊപ്പം ലക്ഷ്മീനാരായണ സങ്കല്പത്തിൽ മഞ്ഞൾ വളർത്തുന്നതും പ്രയോജനം ചെയ്യും. ഈ മരങ്ങളും ചെടികളും കുട‌ുംബത്തിന് ഐശ്വര്യം ഉണ്ടാക്കുമെങ്കിലും വാതിലിനോട് ചേർന്ന് നടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഈ മരങ്ങൾ അത്ര നന്നല്ല

കരിങ്ങാലി, മുരിക്ക്, എരിക്ക്, കാഞ്ഞിരം, താന്നി എന്നീവ വീട്ടുപരിസരത്ത് നിൽക്കുന്നത് അശുഭമാണെന്നാണ് കണക്കാക്കുന്നത്. അതിനാൽ വീട്ടിന്റെ ചുറ്റുവട്ടത്തുനിന്ന് ഒഴിവാക്കുന്നതാണ് ഉത്തമം. എന്നുവച്ച് ഇവ മുറിച്ചു മാറ്റണമെന്ന് നിർബന്ധമില്ല. അതിനു പകരം ഈ മരങ്ങൾക്ക് സമീപം മംഗളദായകമായ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് ദോഷഫലങ്ങൾ കുറയ്ക്കും.