child-marriage

ന്യൂഡൽഹി: പതിനഞ്ചുകാരിയെ നിർബന്ധപൂർവ്വം വിവാഹം കഴിപ്പിച്ച കുടുംബാംഗങ്ങൾ പൊലീസ് പിടിയിൽ. വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ജഹൻഗിർപുരി മേഘലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശൈശവ വിവാഹം നടക്കുന്നതായും പെൺകുട്ടിയെ മതപരിവർത്തനത്തിന് വിധേയമാക്കാൻ പോകുന്നതായും അറിയിച്ചുകൊണ്ടുളള അജ്ഞാത ഫോൺ കോളിന്റെ അടിസ്ഥാനത്തിലായിരുന്നു ഡൽഹി വനിതാകമ്മിഷനും പൊലീസും പെൺകുട്ടിയെ മോചിപ്പിച്ചത്.

തനിക്ക് പതിനഞ്ച് വയസാണെന്ന് പെൺകുട്ടിയും തന്റെ മകൾ പറഞ്ഞത് സത്യമാണെന്നും അവൾ 2005 ലാണ് ജനിച്ചതെന്നും കുട്ടിയുടെ അമ്മയും മൊഴിനൽകിയിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയ കമ്മിഷൻ തുടർനടപടികൾക്കായി പെൺകുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുന്നാകെ ഹാജരാക്കും. അന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടിയുടെ കുടുംബത്തെയും വിവാഹത്തിൽ പങ്കെടുത്താൻ എത്തിവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

രാജ്യത്ത് ഇപ്പോഴും ശൈശവവിവാഹം നടക്കുന്നതിന് സാക്ഷ്യം വഹിക്കേണ്ടിവരുന്നത് വളരെ ദുഖകരമാണെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്വാതി മാലിവാൾ പറഞ്ഞു. പെൺകുട്ടികളുടെ കുട്ടിക്കാലം തട്ടിയെടുക്കുന്ന ഇത്തരക്കാരെ ശിക്ഷിക്കേണ്ടതുണ്ടെന്നും തങ്ങൾ ആയിരക്കണക്കിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹത്തിൽ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും അവർ പ്രതികരിച്ചു.