astra-senaka-vaccine

ഹേഗ്: ഓക്സ്ഫഡ് - ആസ്ട്രസെനാക്ക വാക്സിന്റെ ഉപയോഗം പുനഃരാരംഭിച്ച് യൂറോപ്യൻ രാജ്യങ്ങൾ. വാക്സിൻ സുരക്ഷിതമാണെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും സാക്ഷ്യപ്പെടുത്തിയതിന് പിന്നാലെയാണിത്. വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് നേരത്തെ ലോകാരോഗ്യസംഘടനയും വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ ഉപയോഗം ഉടൻ പുനഃരാരംഭിക്കുമെന്ന് ജർമനി, ഫ്രാൻസ്,സ്‌പെയിൻ, ഇറ്റലി, നെതർലൻഡ്സ്,പോർച്ചുഗൽ ,ലിത്വാനിയ,ലാത്വിയ, സ്ലോവേനിയ, ബൾഗേറിയ എന്നീ രാജ്യങ്ങൾ അറിയിച്ചു.

വാക്‌സിനെടുത്തവരിൽ രക്തം കട്ടപിടിക്കുന്ന വളരെക്കുറിച്ച് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വാക്സിൻ ഉപയോഗം ചില രാജ്യങ്ങൾ താത്കാലികമായി നിറുത്തിവച്ചത്. എന്നാൽ, രക്തം കട്ടപിടിക്കുന്നതുമായി വാക്‌സിന് ഒരു ബന്ധവും കണ്ടുപിടിക്കാനായിട്ടില്ലെന്നും അതിനാൽ വാക്‌സിൻ ഉപയോഗം നിറുത്തിവയ്ക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. ഇതിനെ പിന്നാലെയാണ് വാക്സിൻ സുരക്ഷിതമാണെന്ന് യു.എം.ജിയും സാക്ഷ്യപ്പെടുത്തിയത്.

 ഏപ്രിലിൽ ബ്രിട്ടനിൽ ഇന്ത്യയിൽ നിന്നുള്ള വാക്സിൻ വിതരണത്തിൽ കുറവുണ്ടായേക്കും

ഇന്ത്യയിൽ നിന്നുള്ള ദശലക്ഷക്കണക്കിന് കൊവിഡ് വാക്സിൻ ഡോസുകളുടെ കയറ്റുമതി വൈകുന്നത് മൂലം ബ്രിട്ടനിലെ വാക്‌സിൻ വിതരണത്തിൽ ഏപ്രിലിൽ കുറവുണ്ടാകാൻ സാദ്ധ്യത. 29 മുതൽ വാക്‌സിൻ വിതരണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുമെന്ന് ബ്രിട്ടീഷ് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ബ്രിട്ടനിലെത്തുന്ന ഡോസുകളുടെ അളവിൽ ഉടൻ കുറവുണ്ടാകുമെന്നും ഒരാഴ്ച മുമ്പ് തയ്യാറാക്കിയ പദ്ധതിയനുസരിച്ചുള്ള വിതരണം നടപ്പാക്കുന്നത് അസാദ്ധ്യമാകുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വാക്‌സിൻ കയറ്റുമതി കുറയുന്നതും ബ്രിട്ടനിലെ ഒരു ബാച്ച് വാക്‌സിന്റെ പുനഃപരീക്ഷണം വൈകുന്നതുമാണ് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരിയിൽ ലഭിച്ചതിലേക്കാൾ കൂടുതൽ അളവിലായിരിക്കും മാർച്ചിൽ രാജ്യത്ത് വാക്സിൻ എത്തുക. എന്നാൽ, ഏപ്രിലിൽ ലഭിക്കുന്ന ഡോസിന്റെ അളവ് മാർച്ചിൽ ലഭിച്ചതിനേക്കാൾ കുറവായിരിക്കും. വിതരണം ചെയ്യാനുദ്ദേശിക്കുന്ന അളവ് ലഭ്യമാകാത്തതിനാൽ പദ്ധതി പ്രകാരമുള്ള വിതരണലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കില്ലെന്ന് ബോറിസ് പറഞ്ഞു. ഒരു ബാച്ചിലെ 1.7 ദശലക്ഷം ഡോസുകൾ വൈകുന്നതായി ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് നേരത്തെ പറഞ്ഞിരുന്നു. വാക്‌സിൻ വിതരണം ഇന്ത്യ നിറുത്തിയതായി കരുതുന്നില്ലെന്നും സാങ്കേതികതടസങ്ങൾ ഒഴിവാകുന്നതോടെ വിതരണം പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബോറിസ് വ്യക്തമാക്കി. രാജ്യത്ത് പ്രായപൂർത്തിയായ പകുതിയോളം പേർക്കും ആദ്യ ഡോസ് നൽകിക്കഴിഞ്ഞു.

 വിതരണം ചെയ്യുന്നത് രണ്ട് വാക്സിനുകൾ

ഫൈസറിന്റേയും ആസ്ട്രസെനാക്കയുടേയും വാക്‌സിനുകളാണ് ബ്രിട്ടനിൽ വിതരണം ചെയ്യുന്നത്. ഓർഡർ നൽകിയ 100 ദശലക്ഷം ആസ്ട്രസെനക വാക്‌സിൻ ഡോസുകളിൽ 10 ദശലക്ഷം സീറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് ലഭിക്കേണ്ടത്. അഞ്ച് ദശലക്ഷം ഡോസുകൾ ആഴ്ചകൾക്ക് മുമ്പ് ബ്രിട്ടനിൽ എത്തിച്ചതായും ഇന്ത്യയിലെ വിതരണം കണക്കിലെടുത്തായിരിക്കും ശേഷിക്കുന്ന ഡോസുകളുടെ കയറ്റുമതിയെന്നും ഇൻസ്റ്റിറ്റ്യൂട്ടിന്റെ വക്താവ് അറിയിച്ചു.