
കൊല്ലം: ഭർത്താവ് വഴക്കിനിടെ തടികഷ്‌ണം കൊണ്ട് അടിച്ചതിനെ തുടർന്ന് പരിക്കേറ്റ ഭാര്യ മരിച്ചു. കൊല്ലം പുത്തൂർ മാവടിയിൽ സുശീലഭവനിൽ സുശീല(58) ആണ് മരണമടഞ്ഞത്. സുശീലയെ മർദ്ദിച്ച ഭർത്താവ് സോമദാസിനെ(63) പുത്തൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്ന് രാവിലെ ഒൻപതിനായിരുന്നു സംഭവം. തിരുവനന്തപുരം അമ്പൂരി സ്വദേശികളായ സോമദാസും സുശീലയും പാട്ടത്തിനെടുത്ത ഭൂമിയിൽ കഴിഞ്ഞ ഏഴ് വർഷമായി കൃഷിചെയ്യുകയായിരുന്നു.
രാവിലെ ജോലിക്ക് ശേഷം വീട്ടിലെത്തിയപ്പോൾ ആഹാരം തയ്യാറാകാത്തതിനെ തുടർന്ന് സോമദാസും സുശീലയും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് തർക്കത്തിനിടെ പെട്ടെന്ന് കൈയിൽ കിട്ടിയ തടികഷ്‌ണം കൊണ്ട് സോമദാസ് സുശീലയെ അടിച്ചുവീഴ്‌ത്തുകയായിരുന്നു.
തുടർന്ന് സോമദാസ് തന്നെ വിവരം പുറത്തറിയിച്ചു. ഉടനെ സ്ഥലത്തെത്തിയ പുത്തൂർ പൊലീസ് സുശീലയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സോമദാസിന്റെ രണ്ടാം ഭാര്യയാണ് സുശീല. ഇവർക്ക് മക്കളില്ല.