titanium

തിരുവനന്തപുരം: കൊച്ചുവേളിയിലെ ട്രാവൻകൂർ ടൈറ്റാനിയം പ്ളാന്റിലെ എണ്ണച്ചോർച്ച തടയാൻ കണ്ടിജൻസി പ്ളാൻ തയ്യാറാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി ശുപാർശ ചെയ്തു. പ്ളാന്റിലെ രാസമാലിന്യങ്ങൾ സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്കും പരിസ്ഥിതിക്കും കടുത്ത ദോഷമാണ് ഉണ്ടാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ളാസ് ഫർണസിലുണ്ടായ എണ്ണച്ചോർച്ചയെ തുടർന്ന് കടലിലേക്ക് രാസമാലിന്യങ്ങൾ ഒഴുകിയിരുന്നു. 2016ൽ നടത്തിയ പരിശോധനയിലും കണ്ടിജൻസി പ്ളാൻ തയ്യാറാക്കണമെന്ന് ദുരന്തനിവാരണ അതോറിട്ടി നിർദ്ദേശിച്ചിരുന്നു.

 പ്രതിദിനം 45 ടൺ

ഓരോ ദിവസവും 40നും 45നും ഇടയിൽ ടൺ ടൈറ്റാനിയം ഡയോക്സൈഡാണ് കമ്പനിയിൽ ഉത്പാദിപ്പിക്കുന്നത്. വ്യത്യസ്തമായ ഏഴോളം കെമിക്കലുകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. 600 സ്ഥിരം ജീവനക്കാരും 400 താത്ക്കാലിക ജീവനക്കാരുമടക്കം ആയിരം തൊഴിലാളികളുണ്ട്. അതിനാൽ തന്നെ എണ്ണച്ചോർച്ച ഉണ്ടായാൽ അടിയന്തരമായി സ്വീകരിക്കാനുള്ള ഒരു നടപടികളും ഇവിടെയില്ല. രാസമാലിന്യം കൊണ്ടുപോകുന്ന പൈപ്പുകളിൽ കൃത്യമായ രീതിയിൽ പരിശോധനകൾ പോലും നടക്കാറില്ലെന്ന് സംഭവസ്ഥലം സന്ദർശിച്ച ശേഷം മൂന്നംഗ സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ക്ളാസ് 3 വിഭാഗത്തിൽപെട്ട ഫർണസ് ഓയിൽ ആണ് ടൈറ്റാനിയത്തിൽ ചോർന്നത്. 4750 ലിറ്ററോളം ഫർണസ് ഓയിൽ കടലിലും തീരത്തുമായി ഒഴുകിപ്പരന്നിട്ടുണ്ട്. 60 കിലോലിറ്ററിന്റെ ടാങ്കിലേക്ക് പോകുന്ന പൈപ്പിനാണ് ചോർച്ചയുണ്ടായത്. ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ നിലവിലുള്ള മാലിന്യശേഖര സംവിധാനം വഴി കടലിലേക്ക് നേരിട്ട് തുറന്നുവിടുന്ന രീതിയാണുള്ളത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിയമങ്ങൾക്ക് വിധേയമായാണോ ഇവയൊക്കെ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

 'മൂസ്' രൂപീകരിക്കപ്പെട്ടു
എണ്ണച്ചോർച്ചയെ തുടർന്ന് പരിസ്ഥിതിക്ക് സാരമായ ആഘാതം ഉണ്ടായിട്ടുണ്ട്. എണ്ണ വെള്ളത്തിലും മണ്ണിലും കലർന്നതിലൂടെ മൂസ് എന്ന പദാർത്ഥം രൂപപ്പെടാനും കാരണമായി. ഇത് എണ്ണയെക്കാൾ ഒട്ടിപ്പിടിക്കുന്നതാണ്. അതിനാൽ തന്നെ ജീവികൾക്ക് ഇത് ഭീഷണിയാണ്. സമുദ്ര ജീവികളെയും പക്ഷികളെയും ആകർഷിക്കാൻ പോന്നതാണ് ഇത്. മാത്രമല്ല ഇത് സംസ്കരിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.