
യങ്കൂൺ: മ്യാൻമറിൽ സൈനിക അട്ടിമറിയ്ക്കെതിരെ പ്രതിഷേധിക്കുന്നവരെ ഫേഷ്യൽ റെക്കഗ്നിഷൻ (മുഖം തിരിച്ചറിയൽ) സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്തി, അവരുടെ വിവരങ്ങൾ സൈന്യത്തിന് ചൈന കൈമാറുന്നുണ്ടെന്ന് ആരോപണം. ജനങ്ങളുടെ ചലനങ്ങൾ പോലും നിരീക്ഷിക്കാൻ സഹായകമാകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്വാതന്ത്ര്യത്തിന് നേരേയുള്ള കടന്നു കയറ്റമാണെന്ന് ജനങ്ങൾപ റയുന്നു.
പലയിടങ്ങളിലും കുറ്റകൃത്യങ്ങൾ കൂടുന്നുവെന്ന് ആരോപിച്ച് സൈനിക നേതൃത്വം പ്രമുഖ നഗരങ്ങളിൽ നൂറുകണക്കിന് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസോടു കൂടിയ ഈ ക്യാമറകൾ മുഖങ്ങളും വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സഹിതം സ്കാൻ ചെയ്ത് പ്രതിഷേധക്കാരെ വേഗത്തിൽ തിരിച്ചറിയാൻ സൈന്യത്തെ സഹായിക്കുന്നു. ഹുവാവേ എന്ന ചൈനീസ് കമ്പനിയാണ് ഇത്തരം സംവിധാനങ്ങൾ മ്യാൻമറിൽ സ്ഥാപിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഈ റിപ്പോർട്ട് കമ്പനി വൃത്തങ്ങൾ തള്ളി.അതേസമയം, വെള്ളിയാഴ്ച മാത്രം മ്യാൻമറിൽ ഒൻപത് പേർ കൊല്ലപ്പെട്ടെന്നാണ് വിവരം.
 സൂ ചിയ്ക്കെതിരെ പുതിയ അഴിമതി ആരോപണം
അറസ്റ്റിലായ മ്യാൻമർ വിദേശകാര്യമന്ത്രിയും സ്റ്റേറ്റ് കൗൺസിലറുമായ ആങ് സാൻ സൂ ചിയ്ക്കെതിരെ പുതിയ അഴിമതി ആരോപണം പുറത്തുവിട്ട് സൈനിക ഭരണകൂടം. സൂ ചിക്കും സർക്കാർ ഉദ്യോഗസ്ഥർക്കും വിവിധ ഘട്ടങ്ങളിലായി അഞ്ചര ലക്ഷം ഡോളർ നൽകിയെന്ന രാജ്യത്തെ വൻകിട ബിസിനസുകാരനായ മാവൂങ് വെയ്കിന്റെ കുറ്റസമ്മതത്തിന്റെ വാർത്ത സൈനിക ചാനൽ പുറത്തുവിട്ടു.
സൂ ചിയെ അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടി തുടങ്ങിയതായി സൈനിക വക്താവ് ചാനലിലൂടെ പ്രഖ്യാപിച്ചു.