
തിരുവനന്തപുരം: ഭരണത്തുടർച്ച ലക്ഷ്യമിട്ടുളള വമ്പൻ പദ്ധതികളുമായി എൽ.ഡി.എഫിന്റെ പ്രകടന പത്രിക. രണ്ട് ഭാഗങ്ങളായി തയ്യാറാക്കിയ പ്രകടനപത്രികയിൽ ആദ്യഭാഗം 50 ഇന പരിപാടികളുടേതാണ്. ഈ പരിപാടികൾ നടപ്പാക്കുന്നതിന്റെ 900 നിർദ്ദേശങ്ങൾ പ്രകടന പത്രികയിൽ മുന്നോട്ടു വയ്‌ക്കുന്നു. ഇതിൽ ഏറ്റവും പ്രാധാന്യം യുവതലമുറക്ക് തൊഴിൽ നൽകുന്നതുമായി ബന്ധപ്പെട്ടാണ്. 40 ലക്ഷം പുതിയ തൊഴിലവസരങ്ങൾ എൽഡിഎഫ് അധികാരത്തിലെത്തിയാൽ സൃഷ്‌ടിക്കും. കാർഷിക മേഖലയിൽ വരുമാനം 50 ശതമാനമെങ്കിലും വർദ്ധിപ്പിക്കും. കേരളത്തിലെ ആരോഗ്യമേഖലയുടെ വികസനം ലോകോത്തരമാക്കും. ക്ഷേമ പെൻഷനുകൾ അഞ്ച് വർഷംകൊണ്ട് ഘട്ടം ഘട്ടമായി 2500 രൂപയാക്കും. വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തും.
അഞ്ച് വർഷംകൊണ്ട് 10000 കോടിയുടെ വികസനം സംസ്ഥാനത്ത് കൊണ്ടുവരും. മൂല്യവർദ്ധിത വ്യവസായങ്ങൾക്ക് അവസരം സൃഷ്‌ടിക്കും. സൂക്ഷ്മ,ഇടത്തരം വ്യവസായങ്ങൾ 1.4 ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമാക്കും. പീഡിത വ്യവസായങ്ങൾക്ക് സഹായം നൽകും. 60,000 കോടിയുടെ പശ്ചാത്തല വികസന പദ്ധതി നടപ്പാക്കും. ദാരിദ്ര നിർമ്മാർമ്മാർജനത്തിന് 45 ലക്ഷം കുടുംബങ്ങൾക്ക് ഒരു ലക്ഷം തൊട്ട് 15 ലക്ഷം വികസന സഹായ വായ്‌പ നൽകും. പ്രവാസികൾക്കായുളള പദ്ധതികൾ തയ്യാറാക്കും.
റബ്ബറിന്റെ താങ്ങുവില ഘട്ടംഘട്ടമായി 250 രൂപ ആക്കും. തീരദേശ വികസനത്തിന് 5000 കോടി വിലയിരുത്തും, ആദിവാസി കുടുംബങ്ങൾക്ക് വീട് നൽകും. വയോജന ക്ഷേമത്തിന് പ്രത്യേക പരിഗണന, ഉന്നത വിദ്യാഭ്യാസരംഗം വിപുലമാക്കും. 2040 വരെ വൈദ്യുതി ക്ഷാമം ഇല്ലാതാക്കാൻ പദ്ധതി. കേരളബാങ്ക് വിപുലീകരിച്ച് എൻആർഐ നിക്ഷേപം സ്വീകരിക്കാവുന്ന തരത്തിലാക്കും. അർദ്ധസർക്കാർ നിയമനം പി.എസ്.സിക്ക് വിടും. ഓട്ടോ ടാക്‌സി തൊഴിലാളികൾക്ക് ക്ഷേമപദ്ധതികൾ തയ്യാറാക്കും. സംസ്ഥാനത്ത് മതനിരപേക്ഷത ഉറപ്പുവരുത്താവുന്നതെല്ലാം ചെയ്യുമെന്ന് പ്രകടന പത്രിക പുറത്തുവിട്ട് ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ വ്യക്തമാക്കി.