
വാഷിംഗ്ടൺ: ഹോളിവുഡ് നടനും മുൻ ഭർത്താവുമായ ബ്രാഡ് പിറ്റിനെതിരെ ഗാർഹിക പീഡനാരോപണവുമായി നടി ആഞ്ജലീന ജോളി. പിറ്റിനെതിരേയുള്ള തെളിവുകൾ ആഞ്ജലീന കോടതിയിൽ സമർപ്പിച്ചെന്നും നടന്റെ അക്രമസ്വഭാവത്തെക്കുറിച്ച് ഇവരുടെ മക്കൾ മൊഴി നൽകുമെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവർക്ക് ആറ് മക്കളാണുള്ളത്. ഇതിൽ മിക്കവരും പ്രായപൂർത്തിയാകാത്തവരാണ്. മൂന്ന് കുട്ടികളെ വിയറ്റ്നാം, കംബോഡിയ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നും ദത്തെടുത്തതാണ്. നേരത്തെ, മക്കളെ പിറ്റ് മർദ്ദിച്ചെന്നാരോപിച്ച് ആഞ്ജലീന പരാതി നൽകിയിരുന്നു. എന്നാൽ, കേസിൽ പിറ്റ് നിരപരാധിയാണെന്ന് കോടതി വിധിച്ചു. കുഞ്ഞുങ്ങളുടെ സംരക്ഷണം തനിക്ക് വിട്ടുതരണമെന്ന് ആഞ്ജലീന കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അത് കോടതി അംഗീകരിച്ചിരുന്നു.
പ്രേക്ഷകർ നെഞ്ചേറ്റിയ ബ്രാഞ്ചലീന ജോഡി
2005ൽ പുറത്തിറങ്ങിയ മിസ്റ്റർ ആൻഡ് മിസിസ്സ് സ്മിത് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ആഞ്ജലീനയും പിറ്റും പ്രണയത്തിലായത്. ഒൻപത് വർഷം നീണ്ട ലിവിംഗ് ടുഗെതറിന് ശേഷം 2014ൽ ഇരുവരും വിവാഹിതരായി. സിനിമയിലും ജീവിതത്തിലും മികച്ച ജോഡികളായിരുന്ന ഇവരെ ആരാധകർ സ്നേഹപൂർവം ബ്രാഞ്ചലീന എന്നാണ് വിളിച്ചിരുന്നത്. 2016ൽ ഇവർ വേർപിരിഞ്ഞു.കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ മൂലം വിവാഹ ജീവിതം മുന്നോട്ട് നയിക്കാനാകുന്നില്ലെന്ന് ആഞ്ജലീന വ്യക്തമാക്കിയിരുന്നു.