
രാഷ്ട്രീയ പ്രേരിതമെന്ന് കമൽ
ചെന്നൈ: കമലഹാസന്റെ നിർമ്മാണ കമ്പനിയായ രാജ്കമൽ ഫ്രണ്ടേഴ്സിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. കമലിന്റെ വിശ്വസ്തനും മക്കൾ നീതി മയ്യം ട്രഷററുമായ ചന്ദ്രശേഖരനാണ് കമ്പനിയുടെ ഡയറക്ടർ.
കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നിന്ന് എട്ട് കോടി രൂപ കണ്ടെടുത്ത സാഹചര്യത്തിലാണ് പരിശോധന.
ചന്ദ്രശേഖറിന്റെ തിരുപ്പൂരിലെ അനിതാ എക്സ്‌പോർട്ട്സ് എന്ന് സ്ഥാപനത്തിലും റെയ്ഡ് നടത്തി. മുഴുവൻ പരിശോധനയും പൂർത്തിയായതിന് ശേഷം പ്രതികരിക്കാമെന്ന് വ്യക്തമാക്കിയ കമലഹാസൻ, റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ബി.ജെ.പി വിരുദ്ധ നേതാക്കളെ മാത്രം വേട്ടയാടുകയാണെന്നും ആരോപിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി ആദായനികുതി വകുപ്പ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 400 കോടി രൂപയോളം പിടിച്ചെടുത്തിരുന്നു. ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ വസതികളിലും സ്ഥാപനങ്ങളിലും വ്യാപക പരിശോധന തുടരുകയാണ്. പ്രതികാര നടപടിയാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.