
കൊച്ചി: സ്വർണ വ്യാപാരസ്ഥാപനങ്ങളിൽ കേന്ദ്ര ജി.എസ്.ടി., കസ്‌റ്റംസ്, തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരുടെ റെയ്ഡുകളും സ്വർണം പിടിച്ചെടുക്കലുകളും ഉടൻ നിറുത്തിവയ്ക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡിൽ വ്യാപാരമില്ലാത്തെ നട്ടംതിരിയുന്ന വ്യാപാരികളെ കൂടുതൽ ബുദ്ധിമുട്ടിക്കുകയാണ് ഉദ്യോഗസ്ഥർ.
കൃത്യമായ കണക്കുകൾ ഹാജരാക്കിയിട്ടും സ്വർണം കണ്ടുകെട്ടുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി അംഗീകരിക്കാനാവില്ല. നോട്ടീസ് നൽകി വിളിപ്പിച്ച് വ്യാപാരികൾക്ക് പറയാനുള്ളത് കേൾക്കാതെ ഏകപക്ഷീയമായി വൻപിഴ ചുമത്തുന്നതും അംഗീകരിക്കില്ല. പുതിയ ആഭരണങ്ങൾക്ക് പകരം ഉപഭോക്താക്കൾ നൽകുന്ന പഴയ സ്വർണം ശുദ്ധീകരിച്ച് വ്യാപാരികൾ നിർമ്മാതാക്കൾക്ക് നൽകാൻ കൊണ്ടുപോകുമ്പോഴും പിടിച്ചെടുക്കുകയാണ്.
വിദേശത്തുനിന്നുള്ള സ്വർണം പിടികൂടാതിരിക്കുകയും പഴയസ്വർണം ഉരുക്കിനൽകുന്നത് പിടിച്ചെടുക്കുകയും ചെയ്യുന്നത് യുക്തിരഹിതമാണ്. എല്ലാ രേഖകളുമായി പഴയ സ്വർണം കൊണ്ടുപോയ ആളെയാണ് കഴിഞ്ഞദിവസം കസ്‌റ്റംസ് പിടികൂടി ജയിലിൽ അടച്ചത്; ഇതിൽ എ.കെ.ജി.എസ്.എം.എ ശക്തമായി പ്രതിഷേധിക്കുന്നു. കോഴിക്കോട്ട് രേഖകളും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയുമുള്ള സ്വർണമാണ് റെയിൽവേ പൊലീസ് പിടിച്ചെടുത്ത് കസ്‌റ്റംസിനെ ഏൽപ്പിച്ചത്.
രാത്രി എട്ടിന് കടകൾ അടയ്ക്കുന്ന സമയംനോക്കിയാണ് ഉദ്യോഗസ്ഥർ റെയ്ഡിനിറങ്ങുന്നത്. ഏറെ വൈകിയാണ് റെയ്ഡ് അവസാനിപ്പിക്കുക. ഇത് വ്യാപാരികളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. എല്ലാ കേന്ദ്ര ഏജൻസികളും സ്വർണമേഖലയെ മാത്രം ഉന്നംവയ്ക്കുന്ന നിലപാട് പ്രതിഷേധാർഹമാണ്. കേരളത്തിൽ സ്വർണവ്യാപാരം ചെയ്യാൻ ഇനിയെന്ത് അനുമതിയാണ് വേണ്ടതെന്ന് അധികൃതർ വ്യക്തമാക്കണം.
റെയ്ഡും സ്വർണം കണ്ടുകെട്ടലും അനാവശ്യ പരിശോധനകളും തുടർന്നാൽ കടകൾ അടച്ചിടുന്നത് ഉൾപ്പെടെയുള്ള പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളി, ട്രഷറർ അഡ്വ.എസ്. അബ്‌ദുൽ നാസർ എന്നിവർ പറഞ്ഞു.