two-bonobos-adopted-infan

കിൻഷസ: ആരോരുമില്ലാത്ത രണ്ട് പാവം ആൾക്കുരങ്ങ് കുട്ടികൾക്ക് എല്ലാമെല്ലാമായിരിക്കുകയാണ് കോംഗോയിലെ ലൂ സയന്റിഫിക് റിസർവിലെ അന്തേവാസികളായ പെൺ ബൊനോബോ ആൾക്കുരങ്ങുകളായ മേരിയും ചിയോയും. തങ്ങളുടെ വർഗ്ഗത്തിൽപ്പെടാത്തവയെ ഗ്രേറ്റ് ഏപ്‌സ് എന്നറിയപ്പെടുന്ന ചിമ്പൻസികളും ഗൊറില്ലകളും ബൊനോബോകളും ഒറാംഗ് ഉട്ടാനുകളും ഉൾപ്പെടുന്ന ആൾക്കുരങ്ങ് വിഭാഗത്തിൽ ദത്തെടുക്കുന്നത് ഇതാദ്യമായാണ്.

മേരിക്ക് സ്വന്തമായി രണ്ടു കുട്ടികളുണ്ട്. മേരിയുടെ മുലപ്പാൽ കുടിച്ചാണ് അവൾ ദത്തെടുത്ത ഫ്‌ളോറയും വളരുന്നത്. മൂന്നുമക്കളെയും ഒരുപോലെയാണ് മേരി വളർത്തുന്നതെന്ന് ശാസ്ത്രജ്ഞയായ നഹോകോ ടോക്കുയാമ പറയുന്നു. 50 കാരിയായ ചിയോ റൂബിയെയാണ് ദത്തെടുത്തിരിക്കുന്നത്.

 അറ്റന്റീവ് പേരന്റിംഗ്

തത്ക്കാലത്തേക്ക് മറ്റൊരു മൃഗത്തിന്റെ കുട്ടിക്ക് സംരക്ഷണം നൽകുന്ന അറ്റെന്റീവ് പേരന്റിംഗ് എന്ന സ്വഭാവസവിശേഷത ജീവജാലങ്ങളിൽ കാണപ്പെടാറുണ്ട്. എന്നാൽ പൂർണമായ രീതിയിൽ രക്ഷകർതൃത്വം ഏറ്റെടുക്കുന്ന പ്രവണത മൃഗങ്ങളിൽ അപൂർവമാണ്.

 പാവം പാവം ബൊനോബോ

മറ്റ് ആൾക്കുരങ്ങുകളെ അപേക്ഷിച്ച് ക്ഷമാശീലം കൂടിയ ആക്രമണ സ്വഭാവം കുറഞ്ഞ ആൾക്കുരങ്ങ് വിഭാഗമാണ് ബൊനോബോകൾ. പരസ്പരം അടി കൂടാറുമില്ല. തങ്ങളുടെ വംശത്തിൽ പെട്ട, അന്യഗോത്രങ്ങളുമായി ഇവ ചങ്ങാത്തം കൂടാറുണ്ട്. ദത്തെടുക്കലിന് കാരണം അതാവാമെന്നാണ് ഗവേഷകർ പറയുന്നത്. വനനശീകരണവും മാംസത്തിനു വേണ്ടിയുള്ള വേട്ടയാടലും കാരണം ഇവ വംശനാശ ഭീഷണിയുടെ വക്കിലാണ്.

 കോംഗോ നദിയുടെ തെക്കൻതീരങ്ങളിൽ മാത്രം കണ്ടുവരുന്നു

 പിഗ്മി ചിമ്പൻസികളെന്നും അറിയപ്പെടുന്നു

 1933ൽ ഇവയെ ഗ്രേറ്റ് ഏപ്‌സിൽ തന്നെ ഒരു പ്രത്യേക വിഭാഗമായി കണക്കിലെടുത്തു

 31 മുതൽ 39 കിലോ വരെ ഭാരം

 നാലടിയോളം ഉയരം

 മരങ്ങളിൽ താമസം

 പ്രധാന ആഹാരം പഴങ്ങളും, കിഴങ്ങുകളും വേരുകളും

 ഭക്ഷണദൗർലഭ്യം നേരിട്ടാൽ, ചില വിരകളെയും പുഴുക്കളെയും അപൂർവമായി വവ്വാലുകളെയുമൊക്കെ ഇവ ഭക്ഷിക്കും

 30 മുതൽ 100 വരെ അംഗങ്ങളടങ്ങിയ ഗോത്രം

 പെൺബൊനോബോകൾക്ക് പ്രധാന സ്ഥാനം.