
മാവേലിക്കര: വിവാഹ വീടിന് സമീപം റോഡിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തട്ടാരമ്പലം മറ്റം വടക്ക് പനച്ചിത്തറയിൽ രഞ്ജിത് (33) മരിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കണ്ണൂർ പയ്യന്നൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന കൊല്ലം കുണ്ടറ കടപ്പാക്കട ഗീതു ഭവനത്തിൽ വിനീതിനെയാണ് (കാക്ക വിനോദ്-22) പയ്യന്നൂർ തായിനേരി തുളുവന്നൂർ പുഴക്കരയിലെ ഷെഡിൽ നിന്നും പൊലീസ് പിടികൂടിയത്.
സംഭവത്തിനു ശേഷം മുങ്ങിയ വിനീത് പയ്യന്നൂരിലെത്തി മത്സ്യത്തൊഴിലാളിയായി ഒളിവിൽ കഴിയുന്നുണ്ടെന്ന് ചെങ്ങന്നൂർ ഡിവൈ.എസ്.പി ആർ.ജോസിന് ലഭിച്ച രഹസ്യ സൂചനയാണ് അറസ്റ്റിന് ഇടയാക്കിയത്. പയ്യന്നൂർ സി.ഐ എം.സി.പ്രമോദ്, എസ്.ഐ കെ.ടി.ബിജിത്ത്, എ.എസ്.ഐ അബ്ദുൾ റൗഫ്, സിവിൽ പൊലീസ് ഓഫീസർമാരായ മുരളി, ഷെമീം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടി മാവേലിക്കര പൊലീസിനു കൈമാറിയത്.
കഴിഞ്ഞ 26ന് രാത്രിയിൽ വലിയപെരുമ്പുഴ കോഴിപ്പാലത്തിന് സമീപമായിരുന്നു സംഘട്ടനം. ജോലി സംബന്ധമായി കൊല്ലം പടപ്പാക്കരയിൽ താമസിക്കുന്ന മറ്റം വടക്ക് ഹൈ വ്യൂ വീട്ടിൽ നെൽസന്റെ മകന്റെ വിവാഹ സത്കാരവുമായി ബന്ധപ്പെട്ട് കൊല്ലത്ത് നിന്നെത്തിയവരും നാട്ടുകാരും തമ്മിലായിരുന്നു സംഘർഷം. വിവാഹ വീടിന്റെ മുൻവശത്ത് കൂടിയുള്ള റോഡിൽ വിവാഹ വീട്ടിലെത്തിയവർ കൂട്ടംകൂടി നിന്നു മാർഗതടസം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ടു നാട്ടുകാരുമായുണ്ടായ വാക്കുതർക്കാണ് സംഘട്ടനത്തിൽ കലാശിച്ചത്. നാട്ടുകാരനായ യുവാവിനെ മർദ്ദിച്ചതറിഞ്ഞ് എത്തിയ രഞ്ജിത്തിനെ ഒരു സംഘം ആക്രമിച്ചതായി പൊലീസ് പറയുന്നു. തലയ്ക്കു പരിക്കേറ്റു ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന രഞ്ജിത് 30ന് മരിച്ചു. മൊത്തം 10 പ്രതികളുള്ള കേസിൽ 6 പേർ പിടിയിലായി.