
കൊരട്ടി: കുപ്രസിദ്ധ ഗുണ്ടയും മയക്കുമരുന്ന് മാഫിയാ തലവനുമായ പത്താഴക്കാട് അസ്ലാം എന്നറിയപ്പെടുന്ന എടവിലങ്ങ് സ്വദേശി തിരുനിലാത്ത് വീട്ടിൽ അസ്ലാം ( 34) എന്നയാളെ ഹാഷിഷുമായി കൊരട്ടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ബി.കെ. അരുണും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.
പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് 20,000 രൂപയോളം വില വരുമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ നിന്നും ആഡംബര വാഹനത്തിൽ മയക്കുമരുന്ന് വാങ്ങിക്കൊണ്ടുവന്ന് ഫോണിലൂടെ ആവശ്യക്കാർക്ക് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലെത്തിച്ചു നൽകുകയാണ് ഇയാളുടെ രീതി. മയക്കുമരുന്ന് വിതരണ സംഘത്തിലെ മറ്റ് പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
ഇവർ ഉടൻ പിടിയിലാകുമെന്നും എസ്.എച്ച്.ഒ അരുൺ അറിയിച്ചു. പ്രതിക്കെതിരെ ചാലക്കുടി സ്റ്റേഷനിൽ കവർച്ച, വരന്തരപ്പിള്ളിയിൽ വാഹനമോഷണം, കൊടുങ്ങല്ലൂർ, മാള സ്റ്റേഷനുകളിൽ വിസ തട്ടിപ്പ്, പറവൂർ സ്റ്റേഷനിൽ വധശ്രമകേസ് എന്നിവ നിലവിലുണ്ട്. മലപ്പുറം ജില്ലയിലെ തിരൂർ പൊലീസ് ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇരുചക്ര വാഹനത്തിന്റെ സീറ്റിനടിയിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് സൂക്ഷിച്ചിരുന്നത്. പൊലീസിന്റെ സാനിദ്ധ്യം തിരിച്ചറിഞ്ഞ പ്രതി അതിവേഗത്തിൽ ദേശീയ പാതയിലൂടെ വാഹനം ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. എസ്.ഐ സി.കെ സുരേഷ്, എ.എസ്.ഐമാരായ മുഹമ്മദ് ബാഷി, ജയകൃഷ്ണൻ പി., ജോബ് സി.എ, സീനിയർ സി.പി.ഒമാരായ സൂരജ് ദേവ്, ലിജു ഇയ്യാനി, എം.വി മാനുവൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.