election

തിരുവനന്തപുരം: തലസ്ഥാനമാണ്, ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് അടക്കം സുപ്രധാന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന മണ്ഡലമാണ്. തീരേദശവും ഗ്രാമീണതയുടെ നിറമുള്ള മനോഹരമായ സ്ഥലങ്ങൾ വേറെ. തിരുവനന്തപുരം മണ്ഡലം ആരെയും ആകർഷിക്കുന്നത് ഇങ്ങനെയൊക്കെയാണ്. ആ മണ്ഡലത്തിൽ കോൺഗ്രസ് ലക്ഷ്യമിടുന്നത് ഹാട്രിക്കിൽ കുറഞ്ഞൊന്നുമല്ല. അതിനാൽ 2011ലും 2016ലും വിജയിച്ച വി..എസ്.ശിവകുമാറിനെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. ശിവകുമാറിലൂടെ തുടർച്ചയായ മൂന്നാം വിജയം നേടി ചരിത്രമെഴുതാമെന്ന് തന്നെയാണ് കോൺഗ്രസിന്റെ ശ്രമം.

 ആഴക്കടൽ മത്സ്യബന്ധന വിവാദത്തിരയടി

വി.എസ്. ശിവകുമാറിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രം മണ്ഡലത്തിലെ തീരദേശ മേഖല തന്നെയാണ്. തീരദേശ ജനങ്ങളുടെ ഏത് പ്രശ്നങ്ങൾക്കും വിളിച്ചാൽ ഓടിയെത്തുന്ന ശിവകുമാറിനുള്ള സ്വാധീനം തന്നെയാണ് ഇവിടെ വീണ്ടും ചർച്ചാവിഷയമാകുന്നത്. അമേരിക്ക ആസ്ഥാനമായുള്ള കമ്പനിക്ക് ആഴക്കടൽ മത്സ്യബന്ധനം നടത്താൻ കരാർ നൽകിയ സർക്കാരിന്റെ നടപടിയാണ് തീരദേശത്തെ കൂടെ നിറുത്താനുള്ള ശിവകുമാറിന്റെ തുറുപ്പുചീട്ട്. വിവാദത്തെ തുടർന്ന് കരാർ റദ്ദാക്കിയെങ്കിലും കരാറിന് പിന്നിലെ ഗൂഢാലോചന ആയുധമാക്കിയാണ് പ്രതിപക്ഷം നീങ്ങുന്നത്. ഇതിനൊപ്പമാണ് തീരദേശത്തെ കടൽക്ഷോഭ വിഷയവും. കടൽക്ഷോഭം തടയാൻ കടൽഭിത്തി നിർമ്മിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അതിനാൽ തന്നെ വിഷയം സജീവമായി നിലനിറുത്താൻ കോൺഗ്രസ് എപ്പോഴും ശ്രദ്ധിക്കുന്നു.

ഇത്തവണയും ആന്റണി രാജു തന്നെയാണ് ശിവകുമാറിന്റെ എതിരാളി. ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതി ഉണർത്തി ബി.ജെ.പി സ്ഥാനാർത്ഥിയായി രംഗത്തുള്ളത് സീരിയൽ- സിനിമാ നടനായ കൃഷ്‌ണകുമാറാണ്. അതിനാൽ തന്നെ മത്സരം തീപാറുമെന്ന് ഉറപ്പാണ്. 1996ൽ തിരുവനന്തപുരം വെസ്റ്ര് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എം.എം. ഹസനെ തോൽപിച്ച് നേടിയ വിജയം ഇത്തവണ ആവർത്തിക്കാമെന്നാണ് ആന്റണി രാജുവിന്റെ കണക്ക്കൂട്ടൽ. അതിനുവേണ്ടി ആവനാഴിയിലെ സർവ ആയുധവും പുറത്തെടുത്തുള്ള പോരാട്ടമാണ് രാജുവിന്റേത്. ഇത്തവണ തിരുവനന്തപുരം മാറിച്ചിന്തിക്കുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങളുടെ പേരിലാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായ കൃഷ്‌ണകുമാർ വോട്ട് ചോദിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ദുഷിച്ച ഭരണത്തിന് തിരിച്ചടി നൽകണമെന്ന് അദ്ദേഹം നിരന്തരം വോട്ടർമാരോട് അഭ്യർത്ഥിക്കുന്നു. കോർപ്പറേഷൻ മേഖലകളിൽ അടക്കം ബി.ജെ.പിക്കുള്ള സ്വാധീനം ഇത്തവണ മണ്ഡലത്തെ തങ്ങൾക്ക് അനുകൂലമാക്കുമെന്ന് കൃഷ്‌ണകുമാർ ഉറപ്പിച്ച് പറയുന്നു.

 തദ്ദേശത്തിൽ തിരിച്ചടിച്ചു

നഗരസഭയിലെ കുന്നുകുഴി, പാളയം, വഴുതക്കാട്, വലിയശാല, കളിപ്പാൻകുളം,ആറ്റുകാൽ, ചാല, മണക്കാട്, കുര്യാത്തി, പുത്തൻ പള്ളി, മാണിക്യവിളാകം, ബീമാപള്ളി, മുട്ടത്തറ, ഫോർട്ട് തുടങ്ങി 26 വാർഡുകൾ അടങ്ങിയതാണ് തിരുവനന്തപുരം മണ്ഡലം. എൽ‌.ഡി.എഫ് അധികാരം പിടിച്ച ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പക്ഷേ,​ ഇവിടെ യു.ഡി.എഫിന് മൂന്ന് സീറ്റ് മാത്രമെ നേടാനയുള്ളൂ. എന്നാൽ അതൊരു തിരിച്ചടിയല്ലെന്ന് കോൺഗ്രസും ശിവകുമാറും പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ വിജയം പ്രതിഫലിക്കില്ലെന്ന് അദ്ദേഹം ആണയിടുന്നു. കരിമഠം കോളനിയിൽ 75 ഓളം കുടുംബങ്ങൾക്ക് വീട് വച്ചു നൽകിയതടക്കം താൻ ചെയ്ത വികസന പ്രവർത്തനങ്ങൾ തുണയാകുമെന്ന് ശിവകുമാർ പ്രതീക്ഷിക്കുന്നു.

 മണ്ഡലകഥ
തിരുവനന്തപുരം നോർത്ത്,വെസ്റ്റ്, ഈസ്റ്റ് എന്നിങ്ങനെ മൂന്നായി നിന്ന മണ്ഡലങ്ങൾ 2011ൽ പുനർനിർണയിച്ചപ്പോൾ തിരുവനന്തപുരം എന്ന ഒറ്റമണ്ഡലമായി. മണ്ഡലത്തിന്റെ പടിഞ്ഞാറ് കടലാണ്. വലത്തോട്ടാണ് ഈ മണ്ഡലത്തിന്റെ ചായ‌്‌വ്. കോൺഗ്രസിലെ പരേതനായ ബി. വിജയകുമാറിനെയും എം.എം. ഹസനെയും സി.എം.പിയിലെ എം.വി. രാഘവനെയും ജയിപ്പിച്ചുവിട്ട ചരിത്രമുള്ള തിരുവനന്തപുരം 2006ൽ ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (ഡി.ഐ.സി)​ സ്ഥാനാർത്ഥിയായിരുന്ന ശോഭന ജോർജിനെ കൈവിട്ടിട്ടുമുണ്ട്. അന്ന് എൽ.ഡി.എഫിലെ വി. സുരേന്ദ്രൻ പിള്ളയ്ക്കായിരുന്നു ജയം. മണ്ഡല പുനർനിർണയത്തിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 5,352 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി.എസ്. ശിവകുമാർ വിജയിച്ചത്. 49,122 വോട്ടുകളാണ് ശിവകുമാറിന് ലഭിച്ചത്.

എതിർ സ്ഥാനാർത്ഥിയായിരുന്ന ഇടതുമുന്നണിയിലെ വി.സുരേന്ദ്രൻ പിള്ളയ്ക്ക് 43,770 വോട്ടുകൾ ലഭിച്ചു.ബി.ജെ.പി. സ്ഥാനാർത്ഥിയായിരുന്ന ബി.കെ. ശേഖറിന് 11,519 വോട്ടുകളും. 2016ൽ ശിവകുമാർ വിജയം ആവർത്തിച്ചു. കേരള കോൺഗ്രസ് ഫ്രാൻസിസ് ജോർജ് വിഭാഗത്തിലെ ആന്റണി രാജുവിനെയാണ് താേൽപ്പിച്ചത്. ശിവകുമാറിന് 46,474 വോട്ട് ലഭിച്ചപ്പോൾ 35,569 വോട്ടുകളാണ് ആന്റണി രാജുവിന് ലഭിച്ചത്. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് 34,764 വോട്ടുകൾ നേടി ബി.ജെ.പിയുടെ സ്വാധീനം പ്രകടമാക്കി.