
പനാജി: പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഇന്ത്യയിലെ ആദ്യ സെക്‌സ് ടോയ് ഷോപ്പിന് പൂട്ടു വീണു. ഗോവയിലെ ഏറ്റവും വലിയ ബീച്ചായ കല്ലൻഗുട്ടിന് സമീപം കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ പ്രവർത്തനം ആരംഭിച്ച ഷോപ്പ് ബുധനാഴ്ചയാണ് അടച്ചു പൂട്ടിയത്.
സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചതും ലൈസൻസ് സംബന്ധമായ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് ഷോപ്പ് അടച്ചുപൂട്ടാൻ പഞ്ചായത്ത് നടപടിയെടുത്തത്. ഓൺലൈനിലൂടെ സെക്സ് ടോയ്സുകൾ വിൽക്കുന്ന കാമകാർട്ടിന്റെയും ഗിസ്‌മോസ്വാലയുടെയും പിന്തുണയോടെയാണ് കാമ ഗിസോസ് എന്ന പേരിൽ രാജ്യത്ത് ആദ്യമായി ഓഫ്‌ലൈൻ ഷോപ്പ് സ്ഥാപിച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ വാർത്തകളിലൂടെയും സാമൂഹിക മാദ്ധ്യമങ്ങളിലെ വീഡിയോകളിലൂടെയും തന്നെ ഷോപ്പ് പ്രശസ്തി നേടിയിരുന്നു.
'അവർ ലൈംഗികതയുമായി ബന്ധപ്പെട്ട വസ്തുക്കൾ വിൽക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്നും പരാതികൾ ലഭിച്ചിരുന്നു. എല്ലാവരും ഇതിന് മുമ്പ് ഇത്തരമൊന്ന് കണ്ടിട്ടില്ലാത്തതിനാൽ ഷോപ്പിനെക്കുറിച്ച് ആളുകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. അതുകൊണ്ടാണ് തങ്ങൾ നടപടിയെടുത്തതെന്ന്' കല്ലൻഗുട്ട് സർപൻഞ്ച് പ്രതികരിച്ചു.
അതേസമയം ഷോപ്പിന്റെ ലൈസൻസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അതിനാൽ കുറച്ച് ദിവസത്തേക്ക് കട അടച്ചുപൂട്ടാൻ പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടതാണെന്നും കമാകാർട്ട് അധികൃതർ പറഞ്ഞു.