petrol

 ഡീസലിന് നഷ്‌ടം ലിറ്ററിന് രണ്ടുരൂപ

ന്യൂഡൽഹി: കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ 20 ദിവസമായി നിശ്ചലമായിട്ടുള്ള ഇന്ധനവില മൂലം പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ നേരിടുന്നത് കനത്ത നഷ്‌ടം. പെട്രോൾ ലിറ്റിന് നാലുരൂപയും ഡീസൽ ലിറ്ററിന് രണ്ടുരൂപയും നഷ്‌ടത്തിലാണ് ഇപ്പോൾ വിൽക്കുന്നതെന്ന് ഒരു പൊതുമേഖലാ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കഴിഞ്ഞദിവസം ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തു.

രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തിയിട്ടും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ എണ്ണവിതരണ കമ്പനികൾ ദിവസേന പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് കഴിഞ്ഞ ജൂണിൽ 72.99 രൂപയായിരുന്ന പെട്രോൾ വില, ഇതോടെ 93.05 രൂപയിലും 67.19 രൂപയായിരുന്ന ഡീസൽ വില 87.53 രൂപയിലുമെത്തി. രണ്ടും റെക്കാഡ് വിലയാണ്. മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ചില ഉൾപ്രദേശങ്ങളിൽ പെട്രോൾ വില 100 രൂപയും കടന്നു.

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസമ്മർദ്ദം ഇല്ലായിരുന്നെങ്കിൽ തിരുവനന്തപുരത്തെ പെട്രോൾ വില 97 രൂപയും ഡീസൽ വില 89-90 രൂപയും കടക്കുമായിരുന്നു എന്നാണ് നഷ്‌ടം സംബന്ധിച്ച് പുറത്തുവന്ന പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഫെബ്രുവരി 27 മുതലാണ് എണ്ണക്കമ്പനികൾ വിലവർദ്ധന നിറുത്തിവച്ചത്. അന്ന് ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽച്ചെലവ് ബാരലിന് 64.68 ഡോളറായിരുന്നു. ഇപ്പോൾ വില ബാരലിന് 66.82 ഡോളർ. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും കുറവുണ്ടായി. ഈ സാഹചര്യത്തിൽ, വൻതോതിൽ കൂടേണ്ട പെട്രോൾ, ഡീസൽ വിലയാണ് തിരഞ്ഞെടുപ്പ് ചൂടിൽ നിശ്ചലമായത്.

കുറയുമോ നികുതി?

ഇന്ധനവില കുറയ്ക്കാനായി എക്‌സൈസ് നികുതിയിൽ ഇളവ് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ കേന്ദ്രം ആലോചിക്കുന്നുണ്ട്. സർക്കാരിന്റെ വരുമാനത്തെ ബാധിക്കാത്തവിധം നികുതി കുറയ്ക്കാനാണ് നീക്കം. എന്നാൽ, സമവായമാകാത്തതിനാൽ ഇതുവരെ ചർച്ചകൾക്ക് ഫലം കണ്ടിട്ടില്ല.

കർണാടക മോഡൽ!

2018ൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലും എണ്ണക്കമ്പനികൾ ഇന്ധനവില വർദ്ധന നിറുത്തിവച്ചിരുന്നു. അന്ന്, 19 ദിവസത്തേക്കാണ് വില നിശ്ചലമായത്. സമാനമായ രീതിയാണ് ഈ തിരഞ്ഞെടുപ്പ് കാലത്തും കമ്പനികൾ പിന്തുടരുന്നത്.