h2o

തിരുവനന്തപുരം: ഗംഗാ ശുചീകരണത്തിനുള‌ള ദേശീയ യജ്ഞം, യുണൈറ്റഡ് സ്‌കൂൾസ് ഓർഗനൈസേഷൻ, വാട്ടർ ഡൈജസ്റ്റ് മാഗസിൻ, ടൂൺസ് മീഡിയ ഗ്രൂപ്പ് എന്നിവർ ചേർന്ന് സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന 'എച്ച്2ഓഓഓ' എന്ന ജല സംബന്ധിയായ പ്രോഗ്രാം സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ നിർമ്മിച്ച അനിമേഷന്‍ ചിത്രങ്ങൾ യുനെസ്‌കൊ ന്യൂഡൽഹി, ഈ അന്താരാഷ്ട്ര ജല ദിനത്തിൽ പ്രകാശനം ചെയ്യുന്നു.


ഇന്ത്യയിൽ കൂടിക്കൊണ്ടിരിക്കുന്ന ജലക്ഷാമത്തെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി അനിമേഷൻ ഹ്രസ്വചിത്രങ്ങൾ നിര്‍മ്മിക്കാൻ ദേശവ്യാപകമായി 6 നും 14 നും ഇടയിൽ പ്രായമുള്ള സ്‌കൂൾ വിദ്യാർഥികളിൽ നിന്നും കഥകൾ ക്ഷണിച്ചു കൊണ്ടായിരുന്നു ജലസംരക്ഷണ ബോധവൽക്കരണ പ്രോഗാം ആസൂത്രണം ചെയ്തത്.


ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള 43 വിദ്യാലയങ്ങളിൽ നിന്നായി പങ്കെടുത്ത 17000 കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട, ഭിന്ന ശേഷിക്കാരായ എട്ട് കുട്ടികൾ ഉൾപ്പെടെ 93 കുട്ടികൾക്ക് ടൂൺസ് അനിമേഷനിലെ പ്രഗത്ഭർ പരീശീലനം നല്‍കി. ഒരാഴ്ച നീണ്ടു നിന്ന പരീശീലന പരിപാടിയിൽ കുട്ടികൾക്ക് സ്‌ക്രി‌പ്‌റ്റ് റൈറ്റിംഗ്, കാരക്ടർ സ്‌കെച്ചിങ്ങ്, സ്റ്റോറി ബോർഡിംഗ് എന്നിങ്ങനെ അനിമേഷന്റെ അടിസ്ഥാനപരമായ കാര്യങ്ങളിൽ അറിവു നൽകി.

2020 സെപ്‌തംബറിൽ ഒന്നാം ഘട്ടത്തിൽ പങ്കെടുത്ത സ്‌കൂളുകൾ, ജലസംബന്ധിയായ പ്രശ്നങ്ങളെക്കുറിച്ച് ഇംഗ്ലീഷിലും ഹിന്ദിയിലുമായി 24 അനിമേഷൻ വീഡിയോകൾ പ്രദര്‍ശിപ്പിച്ചു. യുനെസ്‌കൊ വെനീസ് നിർമ്മിച്ച ചിത്രങ്ങളെ യുനെസ്‌കൊ ഡൽഹി ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്‌തു. യുനെസ്‌കൊ പ്രത്യേകമായി വികസിപ്പിച്ചെടുത്ത പഠനസാമഗ്രികളെ അടിസ്ഥാനപ്പെടുത്തി ചർച്ചകളും പ്രശ്‌നോത്തരികളും നടത്തി.


2020 ഡിസംബറിൽ നടന്ന രണ്ടാം ഘട്ടത്തിൽ മികച്ച കഥാ ആശയം, കാർട്ടൂൺ ചിത്രം എന്നിവയിൽ മത്സരം സംഘടിപ്പിച്ചു. യോഗ്യതാ റൗണ്ടിൽ പങ്കെടുത്ത 2000 വിദ്യാർത്ഥികളിൽ നിന്നാണ് 93 പേരെ തെരഞ്ഞെടുത്ത് ടൂൺസ് പരിശീലനം നൽകിയത്.


പരിശീലനത്തിൽ പങ്കെടുത്ത കുട്ടികൾ അവരുടെ ആശയങ്ങളെ സ്റ്റോറി ബോർഡ് ആക്കി. ഇതില്‍ മികച്ച മൂന്നെണ്ണം ജല സംരക്ഷണത്തെ ക്കുറിച്ചും വിവേക പൂർവ്വമായ ഉപയോഗത്തെക്കുറിച്ചും ബോധവല്‍ക്കരണ ചിത്രങ്ങള്‍ നിർമ്മിക്കാനായി തെരഞ്ഞെടുക്കപ്പെട്ടു. അവയുടെ പ്രകാശനത്തിനു ശേഷം യുനെസ്‌കൊ ഇന്ത്യ വെബ് സൈറ്റിലും , എല്ലാ പാർട്ട്ണർ വെബ് സൈറ്റിലും ചിത്രങ്ങൾ ലഭ്യമാക്കും. ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച എല്ലാ കുട്ടികൾക്കും യുനെസ്‌കൊയുടെ സമ്മാനങ്ങളുണ്ട്.