
കൊല്ലം: ഒരു ദിവസം മിനിമം രണ്ടായിരത്തിന്റെ രണ്ട് നോട്ടെങ്കിലും മാറണം. ടാർജറ്റ് തികച്ചാൽ ആയിരം രൂപവീതം രണ്ടുപേർക്കും മിച്ചം പിടിക്കാം. ബാക്കിയ്ക്ക് അടിപൊളി ഭക്ഷണവും കറക്കവുമൊക്കെയായി അടിച്ചുപൊളിക്കാം. പന്തളത്ത് രണ്ടായിരം രൂപയുടെ കള്ളനോട്ട് മാറാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലായ തഴവ എസ്.ആർ.പി മാർക്കറ്റിൽ ശാന്താഭവനിൽ ദീപ്തി (34), കരുനാഗപ്പള്ളി കാട്ടിൽക്കടവ് ആദിനാട് സൗത്ത് അമ്പലത്തിൽ നാസറെന്ന താഹ നിയാസ് (47) എന്നിവരെ ചോദ്യം ചെയ്തപ്പോൾ പുറത്തായ കള്ളനോട്ട് നിർമ്മാണത്തിന്റെയും വിതരണത്തിന്റെയും വിവരങ്ങൾ പൊലീസിനെയും നാട്ടുകാരെയും ഞെട്ടിച്ചു.
കച്ചവടത്തിനിടെ രൂപപ്പെട്ട സൗഹൃദം
തുണിക്കട നടത്തിയിരുന്ന ദീപ്തിയും മെഡിക്കൽ റെപ്രസെൻ്റേറ്റീവായിരുന്ന താഹ നിയാസും തമ്മിൽ കച്ചവടത്തിനിടെയുണ്ടായ സൗഹൃദമാണ് ഇരുവരെയും ദമ്പതിമാരെപ്പോലെയാക്കിയത്. ഭാര്യാ ഭർത്താക്കൻമാരെപ്പോലെയായിരുന്നു ഇരുവരുമെങ്കിലും താഹ നിയാസ് ആദിനാട്ടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. റിട്ട.ഡെപ്യൂട്ടി തഹസിൽദാരുടെ മകളായ ദീപ്തി വീടിന് സമീപം തുണിക്കച്ചവടത്തിനിടെയാണ് ഏതാനും കിലോമീറ്റർ മാത്രം അകലെ താമസിക്കുന്ന താഹ നിയാസുമായി സൗഹൃദത്തിലായത്. മരുന്ന് കച്ചവടത്തിനായി മെഡിക്കൽ സ്റ്റോറുകൾ കയറിയിറങ്ങുന്നതിനിടെ കുറ്റിപ്പുറത്ത് വച്ച് കണ്ടുമുട്ടിയ ദീപ്തിയുമായുള്ള സൗഹൃദമാണ് താഹ നിയാസിനെ കള്ളനോട്ട് നിർമ്മാണത്തിലേക്കും വിതരണത്തിലേക്കും നയിച്ചത്.
ഭർത്താവുമായി തെറ്റി
ദീപ്തിയുടെ ഭർത്താവ് ഗൾഫിലാണ്. ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും തമ്മിൽ കുടുംബകോടതിയിൽ കേസ് നടക്കുന്നതിനിടെയാണ് താഹയുമായി ദീപ്തി അടുത്തത്. കൊവിഡ് കാലത്ത് മരുന്നിന്റെയും തുണിയുടെയും കച്ചവടം മോശമായത് ഇരുവരെയും സാമ്പത്തികമായി ബാധിച്ചു. തുണികൾ വിറ്റുപോകാതായപ്പോൾ ഇരുവരും ചേർന്ന് മാസ്ക് നിർമ്മിച്ച് കച്ചവടം ചെയ്യാൻ പദ്ധതിയിട്ടു. തന്റെ കടയിലിരുന്ന് ദീപ്തി തുന്നിയ മാസ്കുകൾ താഹ നിയാസ് പല സ്ഥലങ്ങളിലായി കൊണ്ടുനടന്ന് വിൽപ്പന നടത്തി. എന്നാൽ, ഉദ്ദേശിച്ചവരവൊന്നും മാസ്ക് വിൽപ്പനയിലുണ്ടാകാത്തതിനാൽ പിന്നീട് അതും നിറുത്തി.
ദീപ്തിയുടെ ഐഡിയ
കടയുടെ വാടകയും കച്ചവടത്തിനായെടുത്ത വായ്പകളും വീട്ടുചെലവുമെല്ലാം കൂടി മുന്നോട്ട് പോകാൻ കഴിയാതെ പ്രയാസപ്പെട്ടപ്പോൾ ദീപ്തിയുടെ മനസിലാണ് കള്ളനോട്ട് നിർമ്മാണമെന്ന ആശയം ഉടലെടുത്തത്. തുടക്കത്തിൽ താഹ നിയാസ് അതിനെ എതിർക്കുകയും നോട്ട് നിർമ്മാണം അസാദ്ധ്യമായ കാര്യമാണെന്ന് പറഞ്ഞുനോക്കുകയും ചെയ്തെങ്കിലും ദീപ്തിയുടെ നിർബന്ധബുദ്ധിക്ക് മുന്നിൽ കാമുകനായ താഹയ്ക്ക് വഴങ്ങേണ്ടിവന്നു. ഭർത്താവുമായി വീഡിയോകോളിൽ സംസാരിക്കാനായി വാങ്ങിയ ലാപ് ടോപ്പുണ്ടായിരുന്നതിനാൽ കളർ പ്രിന്റർ കൂടി വാങ്ങി ശ്രമിച്ചുനോക്കാമെന്ന് ഇരുവരും തീരുമാനിച്ചു. യു ട്യൂബിലും മറ്റും പരതി പ്രിന്റിംഗിന്റെ സാങ്കേതിക കാര്യങ്ങൾ മനസിലാക്കി. കരുനാഗപ്പള്ളിയിൽ നിന്ന് മുന്തിയ കമ്പനിയുടെ പ്രിന്റർ വിലയ്ക്ക് വാങ്ങി. നോട്ടിലെ നിറങ്ങൾക്ക് അനുസരിച്ച് വിവിധ നിറങ്ങളിലുള്ള കൂടിയ ഇനം മഷിയും തരപ്പെടുത്തി. നൂറ്, അഞ്ഞൂറ്, രണ്ടായിരം നോട്ടുകൾ നിരന്തരം നിരീക്ഷിച്ചും സൂക്ഷ്മമായി പരിശോധിച്ചും പലവിധ പേപ്പറുകളിൽ നോട്ടുകൾ സ്കാൻ ചെയ്ത് പ്രിന്റ് ചെയ്തുനോക്കി.
പേപ്പറിന്റെ ഗുണനിലവാരക്കുറവ് പ്രശ്നമായി
അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകൾ പലതവണ പ്രിന്റ് ചെയ്തെങ്കിലും പേപ്പറിന്റെ ഗുണനിലവാരക്കുറവും മഷിയുടെ നിറവും ഡെപ്ത്തും കൃത്യമല്ലാതായതോടെ ശ്രമം പരാജയപ്പെട്ടു. രണ്ടായിരത്തിന്റെ നോട്ട് പ്രിന്റ് ചെയ്യാനായി പിന്നീടുള്ള പരിശ്രമം. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഒറ്റനോട്ടത്തിൽ ആർക്കും തിരിച്ചറിയാനാകാത്ത വിധത്തിലുള്ള ഏതാനും നോട്ടുകൾ പ്രിന്റ് ചെയ്തു. രണ്ടായിരത്തിന്റെ യഥാർത്ഥ നോട്ടുകളുടെ കൂട്ടത്തിൽ ഒന്ന് രണ്ടെണ്ണം മാറിയതോടെ ധൈര്യമായി. അമ്പതോളം നോട്ടുകൾ പ്രിന്റ് ചെയ്ത ഇരുവരും അവ മാറാനുള്ള പരിശ്രമത്തിലായി. മരുന്ന് കച്ചവടത്തിനെന്നപേരിൽ വീട്ടിൽ നിന്നിറങ്ങുന്ന താഹ നിയാസ് തഴവയിലെത്തി ദീപ്തിയെയും കൂട്ടി ദൂരസ്ഥലങ്ങളിലേക്ക് യാത്ര പതിവാക്കി. യാത്രയ്ക്കിടെ നാട്ടിൻപുറങ്ങളിലെ പലചരക്ക് വ്യാപാര സ്ഥാപനങ്ങളിലോ ഇലക്ട്രിക്കൽ കടകളിലോ സ്റ്റേഷനറി കടകളിലോ ഇറങ്ങി ഇരുന്നൂറോ മുന്നൂറോ രൂപയ്ക്ക് എന്തെങ്കിലും സാധനങ്ങൾ വാങ്ങും. അതിന് ശേഷം ദീപ്തിയോ താഹയോ കൂളായി രണ്ടായിരത്തിന്റെ നോട്ട് നൽകും. സാധനങ്ങളും ബാക്കിയും വാങ്ങി ബൈക്കിൽ കയറി പോകും.
കടക്കാരന്റെ ബുദ്ധിയിൽ കുടുങ്ങി
കഴിഞ്ഞ ദിവസം പന്തളത്തിന് സമീപം പൂഴിക്കാട് തച്ചിരേത്ത് ജംഗ്ഷനിൽ വടക്കേവിളയിൽ ജോർജ്കുട്ടിയുടെ സ്റ്റേഷനറി കടയിൽ സാധനങ്ങൾ വാങ്ങാനെത്തി. താഹ നിയാസ് നൽകിയ 2000 രൂപയുടെ നോട്ടിൽ സംശയം തോന്നിയതിനെത്തുടർന്ന് ജോർജ്കുട്ടി ഇയാളുടെ ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഇവരെ പിടികൂടി പൊലീസിൽ ഏല്പിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലുമാണ് ദീപ്തിയുടെ വീട്ടിൽനിന്ന് കള്ളനോട്ട് അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്ററും സ്കാനർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും കണ്ടെടുത്തത്.
തട്ടിപ്പ് സന്ധ്യാനേരത്ത്
2000, 500, 200, 100 രൂപയുടെ നോട്ടുകൾ അച്ചടിച്ചിരുന്നതായി പ്രതികൾ പൊലീസിനോട് പറഞ്ഞു. സന്ധ്യമയങ്ങുന്ന സമയത്തായിരുന്നു പല കടകളിലും ഇവർ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു.
ദീപ്തിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 100 രൂപയുടെ 7 കള്ളനോട്ടുകൾ പിടിച്ചെടുത്തു.അമ്പതോളം സ്ഥലങ്ങളിൽ ഇവർ തട്ടിപ്പ് നടത്തിയിട്ടുള്ളതായാണ് വിവരം. അടൂർ ഡിവൈ.എസ്.പി വിനോദിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതോടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.