fitbit

ഫിറ്റ്നസ് ബാൻഡുകൾ ഇക്കാലത്ത് ഒരു അപൂർവതയല്ല. മിക്കവാറും പേർ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് വേണ്ടിയും ഒരു ഫാഷൻ സ്റ്റേറ്റ്മെന്റായും ഫിറ്റ്നസ് ബാൻഡുകൾ ഇപ്പോൾ ഉപയോഗിക്കാറുണ്ട്. ഹൃദയമിടിപ്പിന്റെ അളവ്, ശരീരത്തിലെ രക്തയോട്ടത്തിന്റെ തോത്, വ്യായാമത്തിലൂടെ നഷ്ടപ്പെടുന്ന കലോറിയെത്ര എന്നിങ്ങനെ പല കാര്യങ്ങളും വാച്ച് പോലെ കൈയ്യിൽ കെട്ടാൻ സാധിക്കുന്ന ഫിറ്റ്നസ് ബാൻഡിൽ നിന്നും അറിയാൻ സാധിക്കും. എന്നാൽ ഒരു 'കുറ്റാന്വേഷകന്റെ' റോൾ കൂടി ഫിറ്റ്നസ് ബാൻഡുകൾ ഏറ്റെടുത്താലോ?

അത്തരത്തിലൊരു കഥയാണ് 'സെലിബ്സ് ഗോ ഡേറ്റിംഗ്' എന്ന ബ്രിട്ടീഷ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്ന നാദിയ എസ്സെക്സിന് പറയാനുള്ളത്. തന്റെ മുൻ കാമുകന്റെ ഒരു കൊടുംചതി കണ്ടെത്താനാണ് 'ഫിറ്റ്ബിറ്റ്' കമ്പനിയുടെ ഫിറ്റ്നസ് ബാൻഡ് നാദിയയെ സഹായിച്ചത്. രാത്രി രണ്ട് മാണിക്കും മൂന്ന് മാണിക്കും ഇടയിലായി കാമുകന്റെ ശരീരത്തിൽ നിന്നും 500 കലോറിയുടെ ഊർജം നഷ്ടമാകുന്നതായി കണ്ടെത്തിയായോടെയാണ് നാദിയയുടെ സംശയങ്ങൾ ആരംഭിച്ചത്.

fitness-tracker

തന്റെ കാമുകന്റെയും ഫിറ്റ്നസ് ബാൻഡുകൾ സിങ്ക് ചെയ്തിരുന്നതാണ് നോട്ടിഫിക്കേഷൻ വരാനുള്ള കാരണം. ഈ സമയത്തിനിടയിൽ താൻ ധരിച്ചിരുന്ന ഫിറ്റ്ബിറ്റ് ബാൻഡിൽ ഒരു നോട്ടിഫിക്കേഷൻ വരുന്നത് നാദിയ ശ്രദ്ധിച്ചു. രാത്രി വൈകി കിടക്കയിലേക്ക് കാമുകൻ തിരിച്ചെത്തുന്നതും ഇതേ സമയത്തുതന്നെ ആണെന്നതും നാദിയയുടെ സംശയം ഇരട്ടിപ്പിച്ചു.

nadia-essex

തന്റെ കാമുകൻ മറ്റൊരു സ്ത്രീയോടൊപ്പം രാത്രികാലങ്ങളിൽ 'വ്യായാമം' ചെയ്യുന്നത് കാരണമാണ് പെട്ടെന്ന് ഇത്രയും കലോറി കുറയുന്നതെന്നാണ് ടിക് ടോക്കിൽ ഇട്ട ഒരു വീഡിയോയിലൂടെ നാദിയ പറയുന്നത്. ഏതായാലും ഇക്കാര്യം മനസിലാക്കിയതിനു ശേഷം കാമുകന് താൻ കാര്യമായിട്ടുതന്നെ ഒരു പണി കൊടുത്തുവെന്നും യുവതി വ്യക്തമാക്കുന്നു. വീഡിയോ വൈറലായതിന് പിന്നാലെ സോഷ്യൽ മീഡിയ ചിരിച്ചുമറിയുകയാണ്. 'ശാസ്ത്രത്തിന്റെ ഒരു വളർച്ച നോക്കണേ'- എന്നാണ് നാദിയയുടെ വീഡിയോയോടുള്ള ഇവരുടെ പ്രതികരണം.