truck

ന്യൂഡൽഹി: ട്രക്ക് ഓടിച്ചപ്പോൾ ഹെൽമറ്റ് ധരിച്ചില്ലെന്ന കാരണത്താൽ ഡ്രൈവർക്ക് 1000 രൂപ പിഴ ചുമത്തി. ഒഡിഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം.

പ്രമോദ് കുമാർ സ്വയിൻ എന്നയാൾ ട്രക്ക് ഓടിക്കാനുള്ള പെർമിറ്റ് പുതുക്കാനായി ആർ.ടി ഓഫീസിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പ്രമോദിന്റെ പേരിൽ ഒരു ചെല്ലാൻ അടക്കാനുണ്ടെന്ന് ആർ.ടി ഓഫിസ് അറിയിക്കുകയായിരുന്നു. ഹെൽമറ്റില്ലാതെ ട്രക്ക് ഓടിച്ചുവെന്നാണ് കുറ്റം. പിഴത്തുക അടച്ചതിന് ശേഷമാണ് ഇദ്ദേഹത്തിന് പെർമിറ്റ് അനുവദിച്ചത്.

'കഴിഞ്ഞ മൂന്നുവർഷമായി ട്രക്ക് ഓടിക്കുകയാണ്. കുടിവെള്ള വിതരണമാണ് ജോലി. പെർമിറ്റിന്റെ കാലാവധി അവസാനിച്ചപ്പോൾ പുതുക്കാൻ എത്തിയതായിരുന്നു ആർ.ടി ഓഫീസിൽ. എന്നാൽ ഒരു പിഴത്തുക അടക്കാനുണ്ടെന്നായിരുന്നു മറുപടി. ഹെൽമറ്റില്ലാതെ ട്രക്ക് ഓടിച്ചുവെന്നാണ് പരാതി.' പ്രമോദ് കുമാർ സ്വയിൻ പറഞ്ഞു.

'ഇവർ അനാവശ്യമായി ആളുകളെ അപമാനിച്ച് പണം തട്ടിയെടുക്കുകയാണ്. ഇത്തരം തെറ്റുകൾ പരിഹരിക്കാൻ സർക്കാർതലത്തിൽ നടപടി സ്വീകരിക്കണമെന്നും" അദ്ദേഹം പറഞ്ഞു.