
തിരുവനന്തപുരം: നേമത്തെ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പമുളള സത്യവാങ്മൂലത്തിൽ നിറഞ്ഞുനിന്നത് 'ഇല്ല' എന്നവാക്കായിരുന്നു. സ്വന്തമായി വീട് ഇല്ല, വാഹനം ഇല്ല, വ്യക്തിയിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ വായ്പ സ്വീകരിച്ചിട്ടില്ല, ബാദ്ധ്യതകളില്ല, ജീവിത പങ്കാളി ഇല്ല, സ്വർണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുളള വസ്തുക്കളോ ഇല്ല... ഇങ്ങനെ പോകുന്നു സത്യവാങ്മൂലം. എന്നാൽ വൈറലായ ഈ ഇല്ലായ്മയുടെ കണക്കുകളെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടർ.
കുമ്മനത്തിന് ഉളളത് വർഗീയത മാത്രമാണെന്നതാണ് ട്രോളൻമാരുടെ പ്രധാന കണ്ടുപിടുത്തം. ഇത് കൂടാതെ കുമ്മനത്തെ കളിയാക്കിയും ആക്ഷേപിച്ചും നിരവധി കമന്റുകളും അദ്ദേഹത്തിന്റെ സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് വന്നിട്ടുളള ഓൺലൈൻ വാർത്താ ലിംങ്കുകൾക്ക് താഴെ വന്നിട്ടുണ്ട്. 'കുമ്മനം ജയിക്കുമോ? ഇല്ല...', 'വർഗീയത വാനോളമുണ്ടല്ലോ... പിന്നെന്തുവേണം', 'വീട്ടുകാർക്കോ നാട്ടുകാർക്കോ വല്ല ഉപയോഗവുമുണ്ടോ? ഇല്ല...', ഇങ്ങനെ പോകുന്നു കമന്റുകൾ.
കമന്റുകളും ട്രോളുകളുമല്ലാതെ ഫേസ്ബുക്ക് പോസ്റ്റുകളും കുമ്മനത്തിന്റെ സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കി വന്നിട്ടുണ്ട്. ഇല്ലായ്മകളുടെ മറ്റൊരു രൂപമായിരുന്നു കണ്ഡമാലിലെ ക്രിസ്ത്യൻ സമൂഹത്തെ തീയിട്ടുകൊന്ന കേസിലെ പ്രതിയായ പ്രതാപ് ചന്ദ്ര സാരംഗി. അദ്ദേഹത്തിന് അതിനു ലഭിച്ച പ്രത്യുപകാരമായിരുന്നു കേന്ദ്ര സഹമന്ത്രി പദവിയെന്നും ആരോപിച്ചുളള പോസ്റ്റാണ് ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുളളത്.
സ്വന്തമായി വീടില്ലാത്ത കുമ്മനം ബി.ജെ.പി സംസ്ഥാന ഓഫീസിന്റെ മേൽവിലാസമാണ് നൽകിയിരിക്കുന്നത്. മിസോറാം ഗവർണറായിരിക്കെ നൽകിയ മുഴുവൻ ശമ്പളവും സേവനപ്രവർത്തനങ്ങൾക്ക് നൽകിയെന്നാണ് കുമ്മനത്തിന്റെ വിശദീകരണം. കുമ്മനം രാജശേഖരന്റെ കൈയിൽ ആകെ ആയിരം രൂപയും രണ്ട് ബാങ്ക് അക്കൗണ്ടുകളിലുമായി 46,584 രൂപയുമാണുളളത്. ഇതിനു പുറമേ ജന്മഭൂമി പത്രത്തിൽ അയ്യായിരം രൂപയുടെ ഓഹരിയുമുണ്ട്. മുൻ ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും കുമ്മനം പ്രവർത്തിച്ചിട്ടുണ്ട്.